കോഴിക്കോട്: സ്‌കൂള്‍ കുട്ടികളുമായി വാനില്‍ പോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവര്‍ ആശുപത്രിയില്‍ മരിച്ചു. കുറ്റ്യാടി അടുക്കത്ത് അയിരാണിപ്പൊയില്‍ അനില്‍ കുമാറാണ് (50)മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് സ്‌കൂള്‍ കുട്ടികളെ കൂട്ടി തിരിച്ചുപോകവേയാണ് സംഭവം. വേളം ചെറുകുന്നില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ വാന്‍ റോഡരികില്‍ നിര്‍ത്തി ഡ്രൈവര്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയിരുന്നു. തുടര്‍ന്ന് അടുത്തു കണ്ട നാട്ടുകാരെ വിളിച്ച് സ്‌കൂള്‍ അധികൃതരോട് വിവരം പറയാന്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ അധികൃതര്‍ ആംബുലന്‍സുമായി എത്തി അനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരു ഡ്രൈവര്‍ എത്തിയാണ് കുട്ടികളെ വീടുകളില്‍ എത്തിച്ചത്. ദീര്‍ഘകാലമായി സ്‌കൂളിലെ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു അനില്‍.








