തിരുവനന്തപുരം: മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയ പ്രിൻസിപ്പൽ ഇൻ ചാർജായിരുന്ന അനിൽ കെ എന്ന അധ്യാപകന് ഒടുവിൽ സസ്പെൻസൻ.
സ്കൂൾ പി ടി എ യും, മൊഗ്രാൽ ദേശീയവേദി, ഫ്രണ്ട്‌സ് ക്ലബ് സംഘടനകളും നിരന്തരമായി ഈ വിഷയത്തിൽ ബന്ധപ്പെട്ടവർക്ക് പരാതിയും, നിവേദനങ്ങളും നൽകി വരികയായിരുന്നു. ഉത്തരവാദിത്തപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ മാതൃകാപരമായി പ്രവർത്തിക്കേണ്ട അധ്യാപകന്റെ ഭാഗത്ത് നിന്നുണ്ടായ പ്രവർത്തികൾ ഗുരുതരമായ സാമ്പത്തിക ക്രമക്കേടും,അച്ചടക്ക ലംഘനവും,പെരുമാറ്റ ചട്ടലംഘനവുമാണെന്ന് സർക്കാറിന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി. ഇതിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തതായി ഹയർസെക്കൻഡറി വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ബിന്ദു ആർ ആർ അറിയിച്ചു.
ആരോപണ വിധേയനായ അദ്ധ്യാപകൻ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയതായി ഹയർസെക്കൻഡറി വിഭാഗം സീനിയർ ഫിനാൻഷ്യൽ ഓഫീസർ കഴിഞ്ഞ വർഷം നടത്തിയ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്കൂളിന്റെ അക്കൗണ്ടിലെ 34,69,100രൂപയിൽ നിന്നും , സ്കിൽ ഡെവലപ്മെന്റ് സെന്റർ നിർമ്മാണത്തിനായി സമഗ്ര ശിക്ഷ അഭയാൻ അനുവദിച്ച 21,50,000 രൂപയിൽ നിന്നും ,ക്ലാസ് റൂം നവീകരണത്തിനായി ബി ആർ സി യിൽ നിന്ന് ലഭിച്ച 12 ലക്ഷം രൂപയിൽ നിന്നും ആകെ 33,59,600 രൂപ 03-04-24 മുതൽ 21-02-25 വരെയുള്ള കാലയളവിലായി പിൻവലിച്ചിട്ടുള്ളതായും ഇതിൽ 33, 50,000 രൂപ വ്യക്തിപരമായ ആവശ്യങ്ങൾക്ക് പിൻവലിച്ചതായി രേഖാമൂലം അനിൽ സമ്മതിച്ചിട്ടുള്ളതായും, 2025 ഏപ്രിൽ മെയ് മാസങ്ങളിൽ ജോലിക്ക് ഹാജരാകാതെയും, യഥാസമയം അവധി അപേക്ഷ സമർപ്പിക്കാതെയും രണ്ടുമാസത്തെ ശമ്പളം അനധികൃതമായി കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പൊതു വിദ്യാഭ്യാസ ഹയർസെക്കൻഡറി വിഭാഗം ഡയറക്ടർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
മൊഗ്രാൽ ദേശീയവേദി മുൻ മുഖ്യമന്ത്രിക്കും,കണ്ണൂർ ഹയർസെക്കൻഡറി വിഭാഗം പൊതുവിദ്യാഭ്യാസ വകുപ്പ് മേഖല ഉപമേധാവിക്കും, മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് കഴിഞ്ഞ ആഴ്ച ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ എം ഷാജിക്കും പരാതി നൽകിയിരുന്നതാണ്.തട്ടിപ്പിൽ ഒടുവിൽ നടപടി സ്വീകരിച്ചതിനെ പി ടി എ കമ്മിറ്റി,മൊഗ്രാൽ ദേശീയവേദി,മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് സ്വാഗതം ചെയ്തു.







