ചെന്നൈ: യൂട്യൂബ് വീഡിയോകള്‍ കണ്ട് വീട്ടില്‍ പ്രസവിക്കാന്‍ ശ്രമിച്ച യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. കര്‍ഷകനായ കുളന്തൈസാമിയുടെ ഭാര്യ ശശികല (32) ആണ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കുഞ്ഞിനെ ജീവനോടെ കിട്ടിയെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ ആദ്യ പ്രസവം സിസേറിയന്‍ ആയിരുന്നു. രണ്ടാമത്തെ പ്രസവത്തില്‍ ശസ്ത്രക്രിയ ഒഴിവാക്കാനും സ്വാഭാവികമായ രീതിയില്‍ പ്രസവിക്കാനും വേണ്ടിയാണ് കുടുംബം യൂട്യൂബിലെ വിവരങ്ങളെ ആശ്രയിച്ച് വീട്ടില്‍ പ്രസവം നടത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്നാണ് ശശികലയെ വീട്ടില്‍ വച്ച് പ്രസവിക്കാന്‍ നിര്‍ബന്ധിച്ചത്. സ്വാഭാവിക പ്രസവം നടക്കണമെന്ന ആഗ്രഹത്താല്‍, ഗര്‍ഭകാലത്ത് ഡോക്ടറെ കാണാനോ, കൃത്യമായ പരിശോധനകള്‍ നടത്താനോ കുടുംബം തയ്യാറായിരുന്നില്ല. ജൂണ്‍ 24-ന് വീട്ടില്‍ വച്ച് പ്രസവം നടന്നതിന് പിന്നാലെ ശശികലയ്ക്ക് അമിത രക്തസ്രാവം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പെരുന്തുറൈയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രസവിച്ച കുഞ്ഞ് നിലവില്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ ആശുപത്രിയില്‍ കഴിയുന്നുണ്ട്. സംഭവത്തില്‍ ശശികലയുടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പൊലീസ് ചോദ്യംചെയ്തുവരികയാണ്.








