കണ്ണൂര്‍: പിഞ്ചു കുട്ടിയെ ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിച്ചുവെന്ന കേസിലെ പ്രതി കണ്ണൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടു. മഹാരാഷ്ട്ര സ്വദേശി സഞ്ജയ് രാജ് മല്‍ഹോത്ര (48) യാണ് രക്ഷപ്പെട്ടത്. 2023ല്‍ കണ്ണൂരിലെ ഒരു ലോഡ്ജില്‍ വച്ച് പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ഒളിവിലായിരുന്ന പ്രതിയെ പൂനെയില്‍ വച്ചാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ട്രെയിനില്‍ കണ്ണൂരിലേയ്ക്ക് കൊണ്ടു വരുന്നതിനിടയില്‍ രത്‌നഗിരിയില്‍ എത്തിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണ് സഞ്ജയ് രാജ്. അതിനാല്‍ രോഗിയാണെന്ന പരിഗണന ഇയാള്‍ക്കു നല്‍കിയിരുന്നുവത്രെ. ഇതു മുതലെടുത്താണ് പ്രതി ട്രെയിനില്‍ നിന്നു ഇറങ്ങിയോടിയതെന്നു പറയുന്നു. പ്രതിയെ കണ്ടെത്താന്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് ബി കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.








