യു.എസ് – ഇറാൻ സംഘർഷം: ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് യു.എസുമായി നടത്താനിരുന്ന നിർണായക സാങ്കേതിക ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി. തങ്ങൾക്കെതിരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളും, ഫ്രീസ് ചെയ്ത ഫണ്ടുകൾ വിട്ടുനൽകുന്നതിലുണ്ടായ കാലതാമസവുമാണ് പിന്മാറ്റത്തിന് കാരണമായി ഇറാൻ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ ശക്തമായ സൈനിക തിരിച്ചടി നൽകുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലബനനിൽ ഇസ്രായേൽ ആക്രമണം ശക്തം
തെക്കൻ ലബനനിലെ മജ്ദൽ സോൺ മേഖലയിൽ ഹിസ്ബുള്ളയുടെ 200 മീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ അടുത്തിടെ ഒരു ധാരണയിലെത്തിയിരുന്നുവെങ്കിലും, അതിന് പിന്നാലെയും അതിർത്തി പ്രദേശങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്.
പാകിസ്താൻ – അഫ്ഗാൻ അതിർത്തിയിൽ സൈനിക നടപടി.
അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള മേഖലകളിൽ പാകിസ്താൻ സുരക്ഷാ സേന നടത്തിയ ശക്തമായ കരസേന നപടികളിലും വ്യോമാക്രമണങ്ങളിലും 29 തീവ്രവാദികൾ കൊല്ലപ്പെട്ടു. അതിർത്തിയിലെ ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഈ കടുത്ത നടപടിയെന്ന് പാക് സൈന്യം വ്യക്തമാക്കി.
വെനിസ്വേലയിലുണ്ടായ വിനാശകരമായ ഇരട്ട ഭൂകമ്പങ്ങൾക്ക് ശേഷം തീരദേശ മേഖലയായ ലാ ഗ്വൈറയിൽ അന്താരാഷ്ട്ര സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. ഇതുവരെ 33 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ രക്ഷപ്പെടുത്തി. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 1,400 കടന്നതായാണ് ഔദ്യോഗിക വിവരങ്ങൾ.
തെഹ്‌രാൻ – ദുബായ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു.
മേഖലയിലെ കടുത്ത സൈനിക സംഘർഷങ്ങൾക്കിടയിലും, ഇറാൻ തലസ്ഥാനമായ തെഹ്‌രാനും ദുബായിക്കും ഇടയിലുള്ള വാണിജ്യ വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കുമെന്ന് ഇറാൻ വ്യോമയാന മന്ത്രാലയം അറിയിച്ചു.
2029-ഓടെ ഇന്ത്യ മയക്കുമരുന്ന് വിമുക്തമാകും – അമിത് ഷാ.
രാജ്യത്തെ ലഹരിമാഫിയയുടെ നെറ്റ്‌വർക്കുകൾ തകർക്കുന്നതിനായി കേന്ദ്ര സർക്കാർ ശക്തമായ കർമ്മപദ്ധതിക്ക് തുടക്കമിട്ടു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ ശൃംഖല പൂർണ്ണമായും ഇല്ലാതാക്കുമെന്നും 2029 വോടെ ഇന്ത്യയെ മയക്കുമരുന്ന് വിമുക്തമാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
ബംഗാളിലും ഏകീകൃത സിവിൽ കോഡ് ബില്ലിന് നീക്കം.
പശ്ചിമ ബംഗാൾ നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കാൻ ബിജെപി നീക്കം ആരംഭിച്ചു. ഉത്തരാഖണ്ഡിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് ഈ നിയമം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദേശീയതലത്തിൽ ശ്രദ്ധേയമായ ഈ രാഷ്ട്രീയ നീക്കം.
മുതിർന്ന മാധ്യമപ്രവർത്തകനും ‘ദി ടെലഗ്രാഫ്’ മുൻ എഡിറ്ററുമായ ആർ. രാജഗോപാലിന് വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനാൽ പാസ്‌പോർട്ട് പുതുക്കാൻ കഴിയാത്തത് ദേശീയതലത്തിൽ വലിയ വിവാദമായിരിക്കുകയാണ്. പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്നാരോപിച്ച് പ്രതിപക്ഷ കക്ഷികളും എഡിറ്റേഴ്സ് ഗിൽഡും ഈ വിഷയത്തിൽ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
അയോധ്യ രാമക്ഷേത്ര സംഭാവന മോഷണം: ആഭ്യന്തര ഓഡിറ്റിൽ വൻ വീഴ്ചകൾ.
അയോധ്യയിലെ രാമക്ഷേത്ര നിധി കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ ആഭ്യന്തര ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു. കേസിൽ അറസ്റ്റിലായ പ്രതികളെ കോടതി മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വ്യാപാര ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണം പുനഃസ്ഥാപിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തടസ്സങ്ങൾക്ക് ശേഷം രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിതരണം കേന്ദ്ര സർക്കാർ പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ കൂടുതൽ ശക്തമാകുകയാണ്. കേരളത്തിൽ കാസർകോട് ഉൾപ്പെടെയുള്ള അഞ്ച് ജില്ലകളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സെയ്ഷെൽസ് സന്ദർശിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് പ്രതിരോധം, ഡിജിറ്റൽ പേയ്‌മെന്റ് ബഹിരാകാശം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ 19 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. കൂടാതെ സെയ്ഷെൽസ് പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി അദ്ദേഹം മാറി.
സോനം വാങ്ചുക്കിന്റെ നിരാഹാര സമരം: ലഡാക്കിന് പ്രത്യേക പദവി ആവശ്യപ്പെട്ട് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ഡൽഹിയിലെ ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
കറാച്ചിയിലുണ്ടായ സ്ഫോടനത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി നിഷേധിച്ചു. സ്വന്തം രാജ്യത്തെ ഭീകരവാദത്തിനെതിരെ നടപടിയെടുക്കാൻ പാകിസ്ഥാൻ ആത്മപരിശോധന നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ മൺസൂൺ ഉടൻ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, അരുണാചൽ പ്രദേശിലും പശ്ചിമ ബംഗാളിലും കനത്ത മഴയെത്തുടർന്ന് പ്രളയക്കെടുതി രൂക്ഷമായി തുടരുകയാണ്.
ചൈനീസ് വിസ ലഭിക്കാൻ വൈകുന്നതിനെത്തുടർന്ന് നേപ്പാളിൽ ഇന്ത്യൻ തീർത്ഥാടകർ കുടുങ്ങിയ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രാലയം പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
യുഎസും ഇറാനും തമ്മിലുള്ള സൈനിക അസ്വസ്ഥതകൾ താൽക്കാലികമായി നിർത്താനും ഈ ആഴ്ച ദോഹയിൽ വെച്ച് ചർച്ചകൾ നടത്താനും ഇരു രാജ്യങ്ങളും ധാരണയിലെത്തി .
സംസ്ഥാനത്ത് കാലവർഷം കൂടുതൽ ശക്തമാകുന്നു. വടക്കൻ കേരളത്തിൽ, പ്രത്യേകിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിച്ചു. യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു.
മഴക്കാലത്തിന്റെ തുടക്കത്തിൽ പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 20.89 ശതമാനമായി താഴ്ന്നു. ഇത് ആഭ്യന്തര ജലവൈദ്യുത ഉത്പാദനത്തെ ബാധിച്ചതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി കടുക്കുകയാണ്. പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള തയാറെടുപ്പിലാണ് കെ.എസ്.ഇ.ബി . വരും ദിവസങ്ങളിൽ മഴ ശക്തമായില്ലെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നേക്കാം.
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രോസിക്യൂട്ടറെ മാറ്റി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് അനുകൂല നിലപാടെടുത്തു എന്ന ആരോപണത്തെ തുടർന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിയെ മാറ്റിനിർത്താൻ സർക്കാർ തീരുമാനിച്ചു. നിയമനടപടികളിലെ അസാധാരണ നീക്കങ്ങളെ തുടർന്നാണ് ഇത്.
കാസർകോട് ജില്ലയിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും ഉള്ളവർ ജാഗ്രത പാലിക്കാൻ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്








