തളിപ്പറമ്പ്: കേരളം ശ്രദ്ധിച്ച വയൽക്കിളി സമരവുമായി ബന്ധപ്പെട്ട് പൊലീസെടുത്ത കേസിലെ മുഴുവൻ പ്രതികളെയും തളിപറമ്പ് മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടു.ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കീഴാറ്റൂര്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെയായിരുന്നു ‘വയല്‍ക്കിളികള്‍, എന്ന പേരില്‍ പ്രദേശത്തെ ജനങ്ങള്‍ സംഘടിച്ച് പ്രക്ഷോഭം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് 2018 മാര്‍ച്ച് 14ന് വയല്‍ അളന്ന് തിട്ടപ്പെടുത്താനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടയാന്‍ സമരക്കാര്‍ വയലില്‍ അണിനിരന്നിരുന്നു.കുപ്പിയില്‍ നിറച്ച പെട്രോളുമായാണ് സമര നേതാവായ നമ്പ്രാടത്ത് ജാനകി ഉള്‍പ്പെടുന്ന സ്ത്രീകളടക്കം അണിനിരന്നത്. അന്നത് വലിയ വാര്‍ത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് സമരനേതാവ് സുരേഷ് കീഴാറ്റൂര്‍, ഐക്യദാര്‍ഢ്യസമിതി കണ്‍വീനര്‍ നോബിള്‍ എം പൈകട, മനോഹരന്‍ ചുങ്കക്കാരന്‍ ഉള്‍പ്പെടെ 49 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായ സംഘം ചേരല്‍, ലഹളയുണ്ടാക്കാന്‍ ശ്രമിക്കല്‍, ഉദ്യോഗസ്ഥരെ തടയല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.








