കാസര്‍കോട്: പൊയ്‌നാച്ചി, മൈലാട്ടിയില്‍ മാതാവിനും മകനും വെട്ടേറ്റു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൂട്ടപ്പുന്ന, കുറുക്കന്‍കുന്ന് ഉന്നതിയിലെ ആസിഫ്, മാതാവ് നസീമ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ തലയ്ക്ക് വെട്ടേറ്റ ആസിഫിന്റെ നില ഗുരുതരമാണെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം.
ഇന്നലെ (ഞായര്‍) രാത്രി പത്തുമണിയോടെ വീട്ടിനു മുന്നില്‍ വച്ചാണ് ആസിഫിനു വെട്ടേറ്റത്. നിലവിളിയും ബഹളവും കേട്ട് സ്ഥലത്തേയ്ക്ക് ഓടിയെത്തി അക്രമം തടയാന്‍ ശ്രമിക്കുമ്പോഴാണ് നസീമയ്ക്ക് വെട്ടേറ്റതെന്നു പറയുന്നു. സംഭവത്തിനു പിന്നില്‍ മൂന്നു പേരാണെന്നും മദ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അക്രമത്തിനു കാരണമെന്നുമാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. ആശുപത്രിയില്‍ കഴിയുന്നവരില്‍ നിന്നു മൊഴിയെടുത്താല്‍ മാത്രമേ അക്രമം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.







