ഇന്നത്തെ പ്രധാന വാർത്തകൾ

പശ്ചിമേഷ്യൻ പ്രതിസന്ധി
​ഇസ്രായേൽ – ലെബനൻ കരാറും തർക്കങ്ങളും: വാഷിംഗ്ടണിൽ വെച്ച് ഇസ്രായേലും ലെബനനും തമ്മിൽ യു.എസ് മധ്യസ്ഥതയിൽ ഒരു ‘ഫ്രെയിംവർക്ക് കരാർ’ ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഹിസ്ബുള്ളയെ നിരായുധീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ കരാർ. എന്നാൽ, ഇത് രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തലാണെന്ന് ആരോപിച്ച് ഹിസ്ബുള്ള തലവൻ നയീം ഖാസിം കരാർ പൂർണ്ണമായി തള്ളിപ്പറഞ്ഞു.

​തുടരുന്ന ആക്രമണങ്ങൾ: രാഷ്ട്രീയ നീക്കങ്ങൾക്കിടയിലും തെക്കൻ ലെബനനിലെ നബാത്തിയ മേഖലയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ-വ്യോമാക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുള്ള പൂർണ്ണമായി നിരായുധീകരിക്കപ്പെടുന്നത് വരെ ലെബനൻ അതിർത്തിക്കുള്ളിലെ 10 കിലോമീറ്റർ ‘സുരക്ഷാ മേഖലയിൽ’ തങ്ങളുടെ സൈന്യം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി.

​ബഹ്‌റൈന് നേരെ ഡ്രോൺ ആക്രമണം: ഇറാനിൽ നിന്നുള്ള നിരവധി ഡ്രോണുകൾ തങ്ങളുടെ രാജ്യത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങളോ നാശനഷ്ടങ്ങളോ പുറത്തുവിട്ടിട്ടില്ല.

​ വെനിസ്വേല ഭൂകമ്പം: മരണസംഖ്യ ഉയരുന്നു.
​രാജ്യത്തെ ഉലച്ച ശക്തമായ ഇരട്ട ഭൂകമ്പങ്ങൾക്ക് പിന്നാലെ വെനിസ്വേലയിൽ മരണസംഖ്യ 1,430 ആയി ഉയർന്നതായി ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു.
​കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. 50,000-ത്തിലധികം ആളുകളെ കാണാതായിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.

രക്ഷാപ്രവർത്തനത്തിനായി ഇന്ത്യ ‘ഓപ്പറേഷൻ അമിസ്താദ്’ പ്രഖ്യാപിച്ച് മെഡിക്കൽ സഹായങ്ങളും ദുരിതാശ്വാസ സാമഗ്രികളും അയച്ചിട്ടുണ്ട്.

​യു.എസ് – ഇറാൻ നേർക്കുനേർ-
​ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിന് മറുപടിയായി യു.എസ് സൈന്യം ഇറാന് ഉള്ളിലെ മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം നടത്തി. ഇതിന് പിന്നാലെ മേഖലയിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡും തിരിച്ചടി നൽകിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള താല്ക്കാലിക വെടിനിർത്തൽ പ്രതിസന്ധിയിലായി.

​ട്രംപിന്റെ താരിഫ് ഭീഷണി: അമേരിക്കൻ ഡിജിറ്റൽ കമ്പനികൾക്ക് മേൽ ‘ഡിജിറ്റൽ സർവീസ് ടാക്സ്’ ചുമത്തുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 100% നികുതി ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

​വിലക്കയറ്റം: ആഗോളതലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്ററുകളുടെ നിർമ്മാണം വർദ്ധിച്ചതോടെ മെമ്മറി ചിപ്പുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നു. ഇതേത്തുടർന്ന് ആപ്പിൾ (മാക് ബുക് , ഐപാഡ് ), മൈക്രോസോഫ്റ്റ് (സ്ബോക്സ് ) തുടങ്ങിയ വൻകിട കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചു.

​ഫിഫ ലോകകപ്പ്
​ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കവെ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ കേപ് വെർദെ സൗദി അറേബ്യയെ സമനിലയിൽ തളച്ച് (0-0) ചരിത്രത്തിലാദ്യമായി റൗണ്ട് ഓഫ് 32 യോഗ്യത നേടി. ഗ്രൂപ്പ് ജി-യിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ബെൽജിയവും അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.

​മഹാരാഷ്ട്ര ടി.ഇ.ടി പരീക്ഷ മാറ്റിിവെച്ചു; പ്രതിഷേധം ശക്തം: ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ഞായറാഴ്ച നടത്താനിരുന്ന അധ്യാപക യോഗ്യതാ പരീക്ഷ അവസാന നിമിഷം മാറ്റിവെച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നീറ്റ് വിവാദങ്ങൾക്ക് പിന്നാലെയുണ്ടായ ഈ വീഴ്ചയ്ക്കെതിരെ പ്രതിപക്ഷം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി.

​അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഉത്തരേന്ത്യയിലും പ്രകമ്പനം: അഫ്ഗാനിസ്ഥാനിൽ റിച്ചർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതിന്റെ പ്രകമ്പനം ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പാകിസ്ഥാനിലും അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

​പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെയ്ഷെൽസ് സന്ദർശനം: ത്രിദിന ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സെയ്ഷെൽസിൽ എത്തിച്ചേർന്നു. സെയ്ഷെൽസ് കോസ്റ്റ് ഗാർഡിന് ഇന്ത്യ നിർമ്മിത പട്രോളിംഗ് കപ്പൽ അദ്ദേഹം കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-സമുദ്ര സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.

​ഭാരത് ടാക്സി 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് അമിത് ഷാ: ക്യാബ് അഗ്രഗേറ്റർമാരുടെ ചൂഷണങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഭാരത് ടാക്സി’ സർവീസ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു.

​ഖലിസ്താൻ ഭീകരവാദ ഭീഷണി; ഡൽഹിയിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രത: തലസ്ഥാനമായ ഡൽഹിയിലും ഉത്തരാഖണ്ഡിലും ഖലിസ്താനി ഭീകരരുടെ ആക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കി.

​ രാമക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവർ രാജി വെച്ചതായി റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.

സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം, ഫ്ലാറ്റുകളോ വീടുകളോ കൈമാറാൻ വൈകുന്ന സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

​മദ്യനയവും രാഷ്ട്രീയ വിവാദവും: വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങളെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. മുഖ്യ മന്ത്രി വി.ഡി. സതീശൻ ഖജനാവിന് 600 കോടിയുടെ നഷ്ടമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് സി.പി.എം ആരോപിച്ചപ്പോൾ നടപടികൾ പൂർണ്ണമായും സുതാര്യമാണെന്ന് എക്സൈസ് മന്ത്രി വിശദീകരിച്ചു.

​ചമ്പക്കുളം വള്ളംകളി അവധി വിവാദം: ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നൽകില്ലെന്ന പരാമർശത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ കോലവുമായി ഡിവൈഎഫ്ഐ വള്ളം തുഴഞ്ഞ് പ്രതിഷേധിച്ചു. സഭയിൽ വി.ഡി. സതീശൻ ഉന്നയിച്ച ‘ഓപ്പൺ മൈക്ക്’ പരാമർശവും കുട്ടനാട് വള്ളംകളി അവധിയും സഭയ്ക്ക് അകത്തും പുറത്തും വലിയ ചർച്ചയായിട്ടുണ്ട്.

​സി.പി.എം തെറ്റ് തിരുത്തൽ രേഖ: സി.പി.എമ്മിൽ വീണ്ടും തെറ്റ് തിരുത്തൽ രേഖ ചർച്ചയാകുന്നു. കേരളത്തിലടക്കമുള്ള ചില നേതാക്കൾക്ക് പാർലമെന്ററി മോഹങ്ങളുണ്ടെന്ന കടുത്ത വിമർശനം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്.

​കാർഷിക സർവകലാശാല വി.സി നിയമനം: കേരള കാർഷിക സർവകലാശാല വി.സി (ഇൻ-ചാർജ്) ആയി സജിതാ റാണിയെ ഗവർണർ നിയമിച്ച നടപടി ജനാധിപത്യ, ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്നതാണെന്ന് കെ.എസ്.യു അടക്കമുള്ള സംഘടനകൾ വിമർശിച്ചു.

​ഷിഗെല്ല ബാക്ടീരിയ ജാഗ്രത: സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. അതേസമയം നിപ ബാധയുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 2 പേരെക്കൂടി ക്വാറന്റീനിൽ നിന്ന് ഒഴിവാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു

തിരുവനന്തപുരം ആറ്റുകാലിൽ ഭർത്താവിന്റെ പീഡനത്തെത്തുടർന്ന് അമ്മയ്ക്ക് ചിത്രങ്ങൾ അയച്ച ശേഷം യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തും.

​കീം പരീക്ഷാഫലം: കേരള എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. എൻജിനീയറിങ് വിഭാഗത്തിൽ അങ്കമാലി സ്വദേശിയായ റോഷൻ രാജു ഒന്നാം റാങ്ക് കരസ്ഥമാക്കി.

​കോപ്പിയടി വിവാദത്തിൽ നിയമനടപടി: ‘കലാച്ചി-സിൻ’ നോവലുമായി ബന്ധപ്പെട്ട കോപ്പിയടി വിവാദത്തിൽ എഴുത്തുകാരി കെ.ആർ മീര നിയമനടപടികളിലേക്ക്. ഹരിത സാവിത്രിക്ക്,കെ.ആർ മീര വക്കീൽ നോട്ടീസ് അയച്ചു.

​സംവിധായകൻ കെ. ഭാഗ്യരാജ് അന്തരിച്ചു: പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. ഉർവശി, കല്പന തുടങ്ങിയ പ്രമുഖരെ തമിഴിലേക്ക് അവതരിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗത്തിൽ ചലച്ചിത്ര ലോകം അനുശോചിച്ചു.

​ജിസ് ജോയിക്ക് തിരിച്ചടി: തനിക്കെതിരെയുള്ള 35 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ ജിസ് ജോയിയും മെന്റലിസ്റ്റ് ആദിയും നൽകിയ ഹർജി ഹൈക്കോടതി തള്ളി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page