കാസര്‍കോട്: ചേരങ്കൈയില്‍ കടലാക്രമണം ശക്തമായി. തീരപ്രദേശത്തേ റോഡും തെങ്ങുകളും കടലെടുത്തു. ചേരങ്കൈ കേന്ദ്ര തോട്ടവിള കേന്ദ്രത്തിന് സമീപത്തുള്ള തീരദേശ റോഡിന്റെ പകുതിയിലധികം ഭാഗം കടലെടുത്തു. നിരവധി തെങ്ങുകളും കടലെടുത്തു. ദിവസേന നിരവധി സന്ദര്‍ശകര്‍ എത്തുന്ന ചേരങ്കൈയില്‍ കടലാക്രമണം ശക്തമായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ആശങ്കയിലാണ്. മൂന്ന് വര്‍ഷം മുമ്പ് ചേരങ്കൈയില്‍ കടലാക്രമണത്തില്‍ നിരവധി വീടുകളും തെങ്ങുകളും കടലെടുത്തിരുന്നു. തീരപ്രദേശത്ത് ലക്ഷങ്ങള്‍ മുടക്കി കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ കരിങ്കല്ലുകള്‍ ഇറക്കിയിരുന്നുവെങ്കിലും അതെല്ലാം വീണ്ടും ഉണ്ടായ കടലാക്രമണത്തില്‍ കടലെടുത്തിരുന്നു. തുടര്‍ന്ന് പുഴി ചാക്കുകള്‍ തീരത്ത് അടുക്കി വെച്ചിരുന്നു. അതും കടലെടുത്തു തുടങ്ങി. കാലവര്‍ഷം ശക്തമാവുകയും കടലാക്രമണം ശക്തമായാല്‍ തീരപ്രദേശത്തു താമസിക്കുന്ന ജനങ്ങള്‍ക്ക് വലിയ ദുരിതമാവും. കടലാക്രമണം തടയാനും തീരപ്രദേശത്തുള്ളവരുടെ ആശങ്ക അകറ്റാനും ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും സംഘടനകളും ആവശ്യപ്പെട്ടു.







