ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും ആത്മഹത്യാ ശ്രമം; എലിവിഷം കഴിച്ച 16 കാരന്‍ ആശുപത്രിയില്‍; സംഭവം പൊലീസ് ഇന്‍സ്‌പെക്ടറുടെ ശബ്ദസന്ദേശം നാട് ഏറ്റെടുത്തതിന് പിന്നാലെ

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും ആത്മഹത്യാശ്രമം. ഒരു ഉന്നതിയില്‍ താമസക്കാരനായ 16കാരനെ എലിവിഷം കഴിച്ച നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം കഴിച്ചുവെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ (വ്യാഴം) രാവിലെയാണ് കുട്ടിയെ ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ എലിവിഷം അകത്തു ചെന്നതായി സ്ഥീരികരിച്ചു. തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

ബേഡകം തോരോത്തെ ടി. അനശ്വര (19) രണ്ടു ദിവസം മുമ്പാണ് എലിവിഷം കഴിച്ച് ജീവനൊടുക്കിയിരുന്നു. പ്ലസ്ടു പഠനം കഴിഞ്ഞ് ഉപരി പഠനത്തിനു ചേരാനുള്ള തയ്യാറെടുപ്പുകള്‍ക്ക് ഇടയിലാണ് അനശ്വര ജീവനൊടുക്കിയത്. ആത്മഹത്യയുടെ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
തോരോത്ത് സ്വദേശിനിയും ഒരു കുട്ടിയുടെ മാതാവുമായ 32 കാരി രണ്ടു ദിവസം മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ശുചിമുറിയില്‍ വച്ച് കൈ ഞരമ്പു മുറിച്ച ശേഷം ദേഹത്ത് തീ കൊളുത്തിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവതി ഇപ്പോഴും ഗുരുതര നിലയില്‍ മംഗ്‌ളൂരു ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന പൊലീസ് സ്റ്റേഷന്‍ പരിധിയാണ് ബേഡകം. പല ആത്മഹത്യകളും നിസാര കാരണങ്ങള്‍ കൊണ്ടാണ് ഉണ്ടായത്. അനശ്വര എലിവിഷം കഴിച്ച് ജീവനൊടുക്കിയത് നാടിനെ കണ്ണീരിലാഴ്ത്തിയിരുന്നു. ഇതേ തുടര്‍ന്ന് ബേഡകം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍ പുറത്തിറക്കിയ ശബ്ദ സന്ദേശം വൈറലായിരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും കൃത്യമായ ഇടപെടലും ബോധവല്‍ക്കരണങ്ങളും നടത്തിയാല്‍ ഏതൊരാളെയും ആത്മഹത്യയില്‍ നിന്നു രക്ഷിക്കാന്‍ കഴിയുമെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. എന്തു പ്രശ്‌നം ഉണ്ടായാലും ആര്‍ക്കും ഏത് സമയത്തും പൊലീസിന്റെ സഹായം തേടാമെന്നും ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കുന്നു. സന്ദേശം നാടാകെ ഏറ്റെടുത്തു പ്രചരിപ്പിച്ചതിനും പിന്നാലെയാണ് 16കാരന്‍ കഴിഞ്ഞ ദിവസം എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം ഉണ്ടായത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page