കാഞ്ഞങ്ങാട്: ദേശീയ പള്‍സ് പോളിയോ പ്രതിരോധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി കൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, റോട്ടറി ഇന്റര്‍നാഷണല്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഭാവി തലമുറയുടെ ആരോഗ്യ സംരക്ഷണത്തിന് ഇത്തരം പ്രതിരോധ ക്യാമ്പെയ്‌നുകള്‍ പൂര്‍ണ്ണ വിജയമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എം എല്‍ എ എടുത്തു പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ അധ്യക്ഷത വഹിച്ചു.
ഡി എം ഒ ഡോ. സന്തോഷ് ബി. മുഖ്യപ്രഭാഷണം നടത്തി.
മുഹമ്മദ് മുറിയനാവി, എം.എ രേഷ്മ, ഡോ കെ മണികണ്ഠന്‍, ഡപ്യൂട്ടി ഡി എം ഒ ഡോ കെ സന്തോഷ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ , ജെന്‍സി റാണി എ.കെ, ഡോ. ധന്യ ദയാനന്ദ്,ഡോ. ടി.വി. പത്മനാഭന്‍, എം.കെ. വിനോദ് കുമാര്‍, ഇ-സഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ. ബേസില്‍ വര്‍ഗീസ്, സ്റ്റെല്ല ജോസഫ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജീജ എം.പി,അബ്ദുള്‍ ലത്തീഫ് പ്രസംഗിച്ചു. ജില്ലയിലെ അഞ്ചു വയസ്സില്‍ താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കിക്കൊണ്ട് പ്രതിരോധ യജ്ഞം വന്‍ വിജയമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും സജീവമായി രംഗത്തുണ്ടായിരുന്നു.
ജില്ലയിലെ അഞ്ച് വയസ്സില്‍ താഴെയുള്ള 1,02,355 കുട്ടികള്‍ക്കും അതിഥി തൊഴിലാളികളുടെ 646 കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കുന്നതിനായി ആകെ 1,272 പോളിയോ ബൂത്തുകളാണ് ജില്ലയില്‍ സജ്ജീകരിച്ചിട്ടുള്ളത്.
രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് ബൂത്തുകളില്‍ തുള്ളിമരുന്ന് വിതരണം ചെയ്യുന്നത്. ഏതെങ്കിലും കാരണവശാല്‍ ഈ ദിവസം വാക്‌സിന്‍ ലഭിക്കാത്ത കുട്ടികളുണ്ടെങ്കില്‍, അവരെ കണ്ടെത്തി അടുത്ത ദിവസങ്ങളില്‍ വോളന്റിയര്‍മാര്‍ മുഖേന വീടുകളിലെത്തിച്ച് മരുന്ന് നല്‍കാനുള്ള സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.







