കാസര്‍കോട്: പടന്നക്കാട്ട് ഹൈവേ പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവില്‍ പൊലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പിലിക്കോട് സ്വദേശി കെഎം സൂരജിന്റെ കാലാണ് മുറിച്ചുമാറ്റിയത്. വലതുകാലിന് 70 ശതമാനത്തോളം പരിക്കുണ്ടായിരുന്നു. രണ്ടുമൂന്നു തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് രണ്ടാമത്തെ കാലും മുറിച്ചുമാറ്റിയത്. കാല്‍ മുറിച്ചുമാറ്റിയ മറ്റൊരു സിവില്‍ പൊലിസ് ഓഫീസര്‍ ചിറ്റാരിക്കാല്‍ കുന്നുംകൈയിലെ അലോഷ്യസ് മാത്യുവിനെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി. ഈമാസം 18 ന് ദേശീയപാതയില്‍ പടന്നക്കാട്ട് ആണ് അപകടമുണ്ടായത്. വാഹനപരിശോധനയ്ക്കായി റോഡരികില്‍ പൊലിസ് ജീപ്പ് നിര്‍ത്തിയിട്ടശേഷം അതിനു പിറകില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ ദേഹത്ത് നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. സൂരജിനെയും അലോഷ്യസിനെയും ഇടിച്ചുതെറിപ്പിച്ച ശേഷം പൊലീസ് ജീപ്പിലിടിച്ചാണ് കാര്‍ നിന്നത്. ഇരുവാഹനങ്ങള്‍ക്കിടയില്‍പെടുകയായിരുന്നു ഇരുവരും. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ സിവില്‍ പൊലിസ് ഓഫീസര്‍മാരാണ് സൂരജും അലോഷ്യസും. ഇവരുടെ ചികില്‍സാച്ചെലവ് പൊലിസ് വെല്‍ഫെയര്‍ ഫണ്ടില്‍നിന്ന് ലഭ്യമാക്കാന്‍ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശിച്ചിരുന്നു. ജില്ലാ പൊലീസ് ടീമിലെ ഫുട്‌ബോള്‍ കളിക്കാരനായിരുന്നു സൂരജ്.







