കാസര്‍കോട്: ജോലിക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ആളെ വനത്തിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍, ബളവന്തടുക്ക സ്വദേശിയും മണിയൂരില്‍ താമസക്കാരനുമായ ബി.സി. ചന്ദ്രന്‍ (56) ആണ് മരിച്ചത്. കല്ലുകെട്ടു മേസ്തിരിയാണ്.
ഇന്നലെ (വെള്ളി) രാവിലെ പതിവ് പോലെ വീട്ടില്‍ നിന്നു ഇറങ്ങിയതായിരുന്നുവെന്നു പറയുന്നു. അതിനു ശേഷം മറ്റാരും കണ്ടിരുന്നില്ല. വൈകുന്നേരം മൂന്നര മണിയോടെ വനത്തില്‍ വിറകു ശേഖരിക്കാന്‍ പോയവരാണ് ചന്ദ്രനെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് ആദൂര്‍ പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ മണിയൂര്‍ സ്വദേശിയായ രത്തന്‍ കുമാര്‍ നായിക് നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ബളവന്തടുക്കയിലെ പരേതനായ ചെനിയ നായിക്-ലക്ഷ്മി ദമ്പതികളുടെ മകനാണ് ചന്ദ്രന്‍. ഭാര്യ: ഭവാനി. മക്കള്‍: സന്ധ്യ, അരുണ്‍, സതീശന്‍, രോഹിത്ത്, സരിത്ത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)








