കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബംബ്രാണയില്‍ സ്‌കൂള്‍ വളപ്പില്‍ കഞ്ചാവ് ചെടി കണ്ടെത്തി. ബംബ്രാണ ഗവ. ബേസിക് എൽ.പിസ്‌കൂള്‍ വളപ്പിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പരിചിതമല്ലാത്ത ചെടി വളര്‍ന്നു നില്‍ക്കുന്നതു കണ്ട നാട്ടുകാര്‍ വിവരം എക്‌സൈസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സലീം കുമാര്‍ ,കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. വി ശ്രാവണ്‍ എന്നിവര്‍ സ്ഥലത്തെത്തി. പരിശോധനയില്‍ കഞ്ചാവ് ചെടിയാണെന്നു സ്ഥിരീകരിച്ചു. തുടര്‍ന്ന് ചെടി കസ്റ്റഡിയിലെടുത്തു. 50 സെന്റീമീറ്റര്‍ ഉയരമുള്ളതാണ് ബംബ്രാണയില്‍ കാണപ്പെട്ട കഞ്ചാവ് ചെടിയുടെ ഉയരം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട നിലയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന കാഴ്ച പതിവായിട്ടുണ്ട്.







