മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാതിരുന്ന ബേക്കറി ഉടമയെ മര്‍ദ്ദിച്ച് അവശനാക്കി; പൊലീസ് നിഷ്‌ക്രിയത്വത്തിൽ മനംനൊന്ത കടയുടമ ആത്മഹത്യചെയ്തു

കൊല്ലം: മദ്യപാനത്തിനു ഗ്ലാസ് നല്‍കാതിരുന്ന ബേക്കറിക്കട ഉടമയെ അഞ്ചംഗ മദ്യസംഘം കടയില്‍ക്കയറി ആക്രമിച്ച് അവശനാക്കിയ സംഭവത്തില്‍ നടപടി ഉണ്ടാകാത്തതില്‍ ദുഃഖിതനായ കടയുടമ ആത്മഹത്യാക്കുറിപ്പെഴുതിവച്ച ശേഷം വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു.
നെടുമണ്‍കാവ് ബിവറേജസ് മദ്യക്കടക്കടുത്തു ബേക്കറി നടത്തിയിരുന്ന നെടുമണ്‍കാവ് ഗിരീഷ് ഭവനിലെ വാമദേവ (74)നാണ് പൊലീസില്‍ നിന്നു സ്വാഭാവിക നീതി ലഭിക്കാത്തതില്‍ ദുഃഖിതനായി ആത്മഹത്യ ചെയ്തത്. 21-നു വൈകിട്ട് ആറുമണിക്കു അഞ്ചംഗ സംഘം വാമദേവന്റെ ബേക്കറിയിലെത്തി 10 രൂപയുടെ കുപ്പിവെള്ളം വാങ്ങിയ ശേഷം ഗ്ലാസ് ആവശ്യപ്പെടുകയായിരുന്നെന്നു ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞു.മദ്യപിക്കാൻ ഗ്ലാസ് നല്‍കാതിരുന്നതോടെ സംഘം വാക്കേറ്റമാരംഭിച്ചു. അതിനിടയിൽ കടയില്‍ക്കയറി ചവിട്ടി വീഴ്ത്തി വലിച്ചിഴച്ചു കടക്കു പുറത്തെത്തിച്ച ശേഷം മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. തിരക്കേറിയ ടൗണില്‍ നടന്ന സംഭവം ബഹളം കേട്ടു തടിച്ചു കൂടിയവര്‍ നോക്കി നിന്നു. അവശനായ വാമദേവന്‍ കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രി അധികൃതര്‍ എഴുകോണ്‍ പൊലീസിനെ വിവരം അറിയിച്ചു. അതിനു ശേഷം മൂന്നു തവണ വാമദേവന്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. മര്‍ദ്ദനത്തിന്റെ ആഘാതമുണ്ടാക്കിയ ശാരീരിക വിഷമതകളും മാനസിക പ്രശ്‌നങ്ങളും പൊലീസിനെ അറിയിച്ചു. വിവരങ്ങള്‍ കേട്ട പൊലീസ് ഇന്നു പോ, നാളെ വാ എന്നു മൂന്നു തവണയും പറഞ്ഞു. മൂന്നാം ദിവസം സഹികെട്ടു വീട്ടിലെത്തിയ അദ്ദേഹം വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നോക്കി കുറിപ്പ് എഴുതിവച്ച ശേഷം വീടിന്റെ മുകള്‍ നിലയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. അതോടെ അടവു നയവുമായി പൊലീസ് രംഗത്തു വന്നു. വാമദേവന്‍ പരാതി നല്‍കിയിട്ടില്ലെന്നും ആശുപത്രിയില്‍ നിന്നു ലഭിച്ച ഇന്‍ഫര്‍മേഷനനുസരിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും പൊലീസ് പറയുന്നു. ആക്രമികളെ കുറിച്ചു വാമദേവന്‍ പറയാതിരുന്നതുകൊണ്ടു പ്രതികളെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നു കൂട്ടിച്ചേര്‍ത്തു.വാമദേവന് ഭാര്യയും രണ്ടു മക്കളും മരുമക്കളുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page