പയ്യന്നൂർ: സ്ത്രീധന പീഡനക്കേസില്‍ 20 വര്‍ഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ . മലപ്പുറം സ്വദേശിയായ അബ്ദുറഹ്‌മാ (53) നെയാണ് ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.ചെങ്കൽ ലോറി ഡ്രൈവറാണ്. വെള്ളോറയിലെ ചെങ്കല്‍ പണയില്‍ ലോഡ് എടുക്കാനെത്തിയപ്പോള്‍ ആലക്കോട് എസ്.ഐ .ജി. പ്രവീണ്‍, എ.എസ്.ഐ. കെ. മുനീര്‍, സീനിയര്‍ സി.പി.ഒ: ജാബിര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രയരോം സ്വദേശിനിയുടെ പരാതിയിൽ 1999 ൽ ആണ് അബ്ദുറഹ്‌മാനെതിരെ കേസെടുത്തിരുന്നത്. കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുകയും ഉപേക്ഷിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. കേസില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്നതിനെത്തുടര്‍ന്ന് 2006ല്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ഇതിനിടെ മലപ്പുറത്തും നീലേശ്വരത്തുമായി വേറെ രണ്ട് വിവാഹം കഴിച്ച് പലയിടങ്ങളിലായി താമസിച്ചുവരികയായിരുന്നു. ഇയാൾ വെള്ളോറയില്‍ എത്തുന്നതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. അറസ്റ്റിലായ അബ്ദുറഹ്‌മാനെ കോടതിയില്‍ ഹാജരാക്കി.








