കണ്ണൂര്‍: പാനൂരില്‍ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്. ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കി. വ്യാഴാഴ്ച വൈകിട്ട് പാനൂര്‍ പൂക്കോം റോഡിലെ സഫ്രാന്‍ മന്തി ഹോട്ടലില്‍നിന്ന് കുഴിമന്തി വാങ്ങി കഴിച്ച
വിദ്യാര്‍ഥികള്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. ഭക്ഷണം കഴിച്ചു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഛര്‍ദിയും കടുത്ത ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു.
തുടര്‍ന്നു വിദ്യാര്‍ഥികള്‍ പാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. പരാതി ഉയര്‍ന്നതോടെ രാത്രി തന്നെ ആരോഗ്യ വകുപ്പ് അടിയന്തര പരിശോധന നടത്തി. ഹോട്ടലില്‍നിന്നുള്ള ഭക്ഷണസാംപിളുകള്‍ ഉള്‍പ്പെടെ ശേഖരിച്ച ശേഷം പൂട്ടിയിടാന്‍ നിര്‍ദേശം നല്‍കി. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമായിരിക്കും തുടര്‍ നിയമനടപടികളെന്ന് അധികൃതര്‍ അറിയിച്ചു.








