നീലേശ്വരം:നീലേശ്വരം ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ പ്രതിരോധ ചങ്ങല സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും രണ്ട് കിലോമീറ്ററോളം ദൈർഘ്യത്തിൽ ചങ്ങലയിൽ കണ്ണികളായി. നീലേശ്വരത്ത് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായാണ് നീലേശ്വരം ജനമൈത്രി പോലീസ് തൂഫാൻ പ്രതിരോധ ചങ്ങല തീർത്തത്.ചങ്ങല ശ്രദ്ധേയവും പ്രശംസ നീയവുമായിരുന്നു. ജനപ്രതിനിധികൾ,രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക രംഗത്തെ പ്രമുഖർ ,ക്ലബ്ബ് – വായനശാലകൾ , വ്യാപാരികൾ, എസ് പി സി , സ്കൗട്ട് ആൻഡ് ഗൈഡ്സ്, റെഡ് ക്രോസ്സ്, പൊതുജനങ്ങൾ ചങ്ങലയിൽ പങ്കാളികളായി. നീലേശ്വരം കോൺവെന്റ് ജങ്ഷൻ മുതൽ ബസ്സ്റ്റാൻഡ് വരെ യാണ് ലഹരിക്കെതിരെ തൂഫാൻ പ്രതിരോധ ചങ്ങല തീർത്തത്. നീലേശ്വരം കോൺവെന്റ് ജങ്ഷനിൽ പ്രതിരോധ ചങ്ങലയുടെ ആദ്യ കണ്ണിയായി നീലേശ്വരം മുൻസിപ്പൽ ചെയർപേഴ്സൺ പി പി മുഹമ്മദ് റാഫിയും നീലേശ്വരം ബസ് സ്റ്റാൻഡിൽ അവസാന കണ്ണിയായി കൗൺസിലർ ഇ ഷജീറും അണിനിരന്നു . തുടർന്ന് ചിത്രകാരൻ ശ്യാമ ശശിയും മകനായ ശ്യാം പ്രസാദും ക്യാൻവസിൽ ലഹരി വിരുദ്ധ ചിത്രങ്ങൾ വരച്ചു. നീലേശ്വരം വായന ക്ലബ്ബ് അംഗങ്ങളായ വാസുദേവൻ നമ്പൂതിരി, ഗിരിധർ എന്നിവർ ലഹരി വിരുദ്ധ കവിതകൾ അവതരിപ്പിച്ചു. ജിഎച്ച്എസ്എസ് മേക്കാട്ട്, ജി എച്ച് എസ് എസ് കക്കാട്ട്, ജി എച്ച് എസ് എസ് ചായ്യോത്ത് എന്നിവിടങ്ങളിലെഎസ് പി സി കുട്ടികളും നീലേശ്വരം രാജാസിലെ എൻഎസ്എസ്, എൻ സി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും പങ്കെടുത്തു . ചായ്യോത്ത് സ്കൂളിലെ എസ് പി സി വിദ്യാർത്ഥികൾ നാസിക്ക് ബാന്റും ഫ്ലാഷ് മോബും, ജി എച്ച് എസ് എസ് കക്കാട്ടിലെ എസ് പി സി കുട്ടികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു. നീലേശ്വരം ബസ് സ്റ്റാൻഡിൽ നടന്ന സമാപനചടങ്ങ് ഡി വൈ എസ് പി സുരേഷ് ബാബു കെ പി ഉദ്ഘാടനം ചെയ്തു. നീലേശ്വരം ഇൻസ്പെക്ടർ കെ,മുരളീധരൻ,സബ് ഇൻസ്‌പെക്ടർമാരായ ജി ജിഷ്ണു , കെ വി പ്രകാശൻ, കെ വി രതീശൻ , എ വി ശ്രീകുമാർ , പി സുഗുണൻ ,എസ് പി ജി കോർഡിനേറ്റർ എസ് ഐ രാജേഷ് കുമാർ ടിവി, ദിലീഷ് കുമാർ പള്ളിക്കൈ പ്രസംഗിച്ചു.







