തിരുവനന്തപുരം: കോർപറേഷനിലെ കൗൺസിലർമാരുടെ കയ്യാങ്കളിയിൽ പൊലീസ് കേസെടുത്തു. സിപിഎം കൗൺസിലറുടെ പരാതിയിൽ മേയർ വി വി രാജേഷ് ഉൾപ്പെടെ 10 പേർക്കെതിരെയാണ് കേസ്. ബിജെപി കൗൺസിലറുടെ പരാതിയിൽ സിപിഎം കൗൺസിലർ എസ് പി ദീപക്, ഉൾപ്പെടെ അഞ്ച് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘർഷത്തിൽ 6 എൽഡിഎഫ് കൗൺസിലർമാർക്കും മേയർ അടക്കം 4 ബിജെപി കൗൺസിലർമാർക്കും പരിക്കേറ്റിരുന്നു. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതന്‍റെ രാജി ആവശ്യപ്പെട്ടായിരുന്നു എൽഡിഎഫ് പ്രതിഷേധം നടത്തിയത്. ഇതിനിടെയാണ് ചേരിതിരിഞ്ഞ് ബിജെപിയും സിപിഎമ്മും തമ്മിൽ സംഘർഷമുണ്ടായത്. മേയറുടെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം നടത്തിയത്. എൽഡിഎഫ് കൗൺസിലർമാർ സ്ത്രീകളെ ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചിരുന്നു. മേയർ വി വി രാജേഷും മറ്റ് ബിജെപി കൗണ്‍സിലർമാരും ഓഫീസിലേക്കെത്തിയതോടെ വാക്കേറ്റം തുടങ്ങി. അത് പിന്നീട് ഉന്തും തള്ളുമായി. മേയർ അടക്കമുള്ളവർ നിലത്തുവീണു. പൊലിസ് ഏറെ പണിപ്പെട്ടാണ് മേയറെ ഓഫീസിനുള്ളിലേക്ക് മാറ്റിയത്. വീണ് പരിക്കേറ്റ വിവി രാജേഷിൻ്റെ കാലിന് പ്ലാസ്റ്ററിട്ടു. തലക്ക് പരിക്കേറ്റ സിന്ധു ശശിയുടെ തലയിൽ നാലു തുന്നലുകളുണ്ട്. ജയിലിലുള്ള സുഗതന്‍റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് റിലേ സമരം ഇന്നും തുടരും.








