കാസര്‍കോട്: രാത്രികാല യാത്രക്കാരുടെ സൗകര്യാര്‍ത്ഥം സ്ഥാപിച്ച സോളാര്‍ തെരുവു വിളക്കുകളുടെ ബാറ്ററികള്‍ മോഷണം പോയതായി പരാതി. വലിയപറമ്പ പഞ്ചായത്ത് സെക്രട്ടറി ജിമ്മി ജോണ്‍ നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാവിലാക്കടപ്പുറം, ബീച്ചാരക്കടവ്, പട്ടേല്‍കടപ്പുറം, വലിയ പറമ്പ, വലിയപറമ്പ പാലം എന്നിവിടങ്ങളില്‍ പഞ്ചായത്ത് സ്ഥാപിച്ച സോളാര്‍ തെരുവു വിളക്കുകളുടെ ബാറ്ററികളാണ് മോഷണം പോയത്.
തെരുവു വിളക്കുകള്‍ പ്രകാശിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ബാറ്ററികള്‍ മോഷണം പോയതായുള്ള കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. 80,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഏതെങ്കിലും വാഹനത്തില്‍ എത്തിയ സംഘമായിരിക്കും മോഷണത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഷ്ടാക്കളെ കണ്ടെത്തുന്നതിന് വിവിധ സ്ഥലങ്ങളിലുള്ള സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പൊലീസ്.








