എട്ടോളം മയക്കുമരുന്ന് കേസുകളിൽ പ്രതി; കുറുന്തൂർ സ്വദേശി പി.എം അബ്ദുൾ സഫ്വാൻ കാപ്പ കേസിൽ വീണ്ടും അറസ്റ്റിൽ

കാഞ്ഞങ്ങാട്: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കാഞ്ഞങ്ങാട് കുറുന്തൂർ സ്വദേശി പി.എം. അബ്ദുൾ സഫ്വാനെയാണ് (31) അറസ്റ്റ് ചെയ്തത്. ‘ഓപ്പറേഷൻ തൂഫാൻ’ കർശനമാക്കുന്നതിന്റെ ഭാഗമായാണ് പൊലീസിന്റെ നടപടി. കാപ്പ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഹോസ്ദുർഗ്, നീലേശ്വരം സ്റ്റേഷനുകളിലായി എട്ടോളം മയക്കുമരുന്ന് കേസുകളിൽ ഇയാൾ പ്രതിയാണ്. മയക്കുമരുന്ന് കടത്ത്, വിൽപന, ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെടുന്ന അബ്ദുൾ സഫ്വാനെതിരെ 2024-ൽ ജില്ലാ കളക്ടർ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ കഴിഞ്ഞ ഓഗസ്റ്റ് മാസം ലഹരി കടത്ത് കേസിൽ അറസ്റ്റിലായിരുന്നു. കാറിൽ കടത്തുകയായിരുന്ന 12.75 ഗ്രാം മയക്കുമരുന്നുമായി കൂട്ടാളിയോടൊപ്പം പടന്നക്കാട് വെച്ച് ഹോസ്ദുർഗ് പൊലീസ് വീണ്ടും പിടികൂടുകയായിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ വീണ്ടും കാപ്പ ചുമത്താൻ നടപടിയുണ്ടായത്. ജില്ലാ പൊലീസ് മേധാവി പി. നിധിൻരാജിന്റെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.വി. അനിൽകുമാറിന്റെ മേൽനോട്ടത്തിൽ ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈൻ, സബ് ഇൻസ്പെക്ടർ സി.വി. പ്രേമൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി. ശ്രീജേഷ്, വി.ആർ. സനോജ്, സിവിൽ പൊലീസ് ഓഫീസർ പി. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page