ബംഗ്‌ളൂരു: വ്യാജരേഖകള്‍ ചമച്ച് 30 ലക്ഷം രൂപ വായ്പയെടുത്തതിനെ കുറിച്ച് ചോദിക്കാന്‍ പോയ മാതാപിതാക്കളെയും സഹോദരിയെയും യുവതിയും കാമുകനും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തി. കൂട്ടക്കൊലയ്ക്ക് ശേഷം നാടുവിട്ട കമിതാക്കളില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു.
ബംഗ്‌ളൂരു, സീഗേഹള്ളി സ്വദേശികളായ സോമസുന്ദരം (55), ഭാര്യ മുത്തുലക്ഷ്മി (48), മകള്‍ സുപ്രിയ(20) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ മകള്‍ ശ്വേത (24)യെ പുതുച്ചേരിയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ശ്വേതയുടെ കാമുകന്‍ കെനത്തിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി .
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. പ്രണയബന്ധത്തിലായിരുന്ന ശ്വേതയും കാമുകനും വാടകവീട്ടില്‍ ഒന്നിച്ചാണ് താമസം. ഇതിനിടയിൽ മകളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാനായി സോമസുന്ദരവും ഭാര്യയും പല തവണ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അതിനുള്ള ശ്രമം ഉപേക്ഷിച്ചു. ഇതിനിടയിലാണ് വായ്പയെടുത്ത പത്തുലക്ഷം രൂപ തിരിച്ചടക്കണമെന്ന് കാണിച്ച് സോമസുന്ദരത്തിന് ബാങ്ക് നോട്ടീസ് ലഭിച്ചത്. അന്വേഷണത്തില്‍ മകളും കാമുകനും ചേര്‍ന്ന് വ്യാജരേഖ ചമച്ചാണ് വായ്പയെടുത്തതെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച് ചോദിക്കാന്‍ പോയ സമയത്താണ് ശ്വേത യും കാമുകനും ചേര്‍ന്ന് മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കേസ്. മുത്തുലക്ഷ്മിയുടെയും മകള്‍ സുപ്രിയയുടെയും മൃതദേഹം വീട്ടിനകത്താണ് കാണപ്പെട്ടത്. ഗുരുതരമായി വെട്ടേറ്റ സോമസുന്ദരം പുറത്തേക്ക് ഓടി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.








