കാരക്കാസ്: വെനസ്വേലയെ നടുക്കി ശക്തമായ ഇരട്ട ഭൂചലനം. 36 സെക്കന്റിന്റെ വ്യത്യാസത്തില്‍ ആണ് രണ്ട് ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തി.
ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ ഭൂമികുലുക്കങ്ങള്‍, ഒരു നൂറ്റാണ്ടിനിടെ വെനസ്വേലയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണ്. തലസ്ഥാനമായ കാരക്കാസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 32 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. എന്നാല്‍ ദുരന്തത്തില്‍ ആയിരത്തിലേറെ പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ 1000 ലേറെ പേരെ ആശുപത്രികളിലേക്ക് മാറ്റി. അല്‍താമിറ, കാരിക്വാവോ തുടങ്ങിയ നഗരങ്ങളില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. ഭൂകമ്പങ്ങളെ തുടര്‍ന്ന് രാജ്യത്ത് ഇതോടെഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭൂചലനത്തെ തുടര്‍ന്ന് വെനിസ്വേല, അരൂബ, ബോണയര്‍, കുറകാവോ തുടങ്ങിയ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തിനും സുനാമി തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. യാരാക്വ പ്രവിശ്യയില്‍ 13.1 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തില്‍ വെനസ്വേലയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് അമേരിക്കയും എല്‍ സാല്‍വദോറും മെക്‌സിക്കോയും രംഗത്തെത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി അന്താരാഷ്ട്ര രക്ഷാസംഘങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എത്തുമെന്ന് വെനിസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് പറഞ്ഞു.









