മഞ്ചേശ്വരം: മഞ്ചേശ്വരം താലൂക്കിലെ പ്രധാന ടൗണായ ഹൊസങ്കടിയിൽ റെയിൽവേ മേൽപ്പാലത്തിന് നാട് പ്രതീക്ഷ ഭരിതമായി കാത്തിരിക്കുന്നു. കേന്ദ്രത്തിലെ യുപിഎ ഭരണകാലത്ത് ഇ അഹ്മ്മദ് കേന്ദ്ര റെയിൽവേ സഹമന്ത്രിയായിരുന്നപ്പോഴാണ് ഹൊസംഗടിയിൽ റെയിൽവേ മേൽപ്പാലം അനുവദിക്കുമെന്നു അറിയിപ്പുണ്ടായത് . ആവശ്യമായ ഫണ്ട് അനുവദിച്ചുവെന്നും പ്രചാരണമുണ്ടായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ പിന്നിട്ടു. തുടർ നടപടികൾ എങ്ങുമെത്തിയില്ല.
മഞ്ചേശ്വരം താലൂക്കിൽ മാത്രം നാലു റെയിൽവേ ക്രോസിംഗ് സംവിധാനമുണ്ട്. ഹൊസങ്കടിക്ക് പുറമെ മഞ്ചേശ്വരം,മുട്ടം, ഉപ്പള എന്നീവിടങ്ങളിലാണ് റെയിൽവേ ഗേറ്റുള്ളത്. ഇതിൽ ഹൊസങ്കടിയിലാണ് മേൽപ്പാലം റെയിൽവേയുടെ സജീവ പരിഗണനയിലുള്ളത്.
മേൽപ്പാലത്തിന് നേരത്തെ 40.4 കോടി രൂപ അനുവദിച്ചിരുന്നുവത്രെ. ഇതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു. കേരള റോഡ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല നൽകിയിരുന്നത്. ദേശീയപാത 66ൽ പുതിയ ആറുവരിപ്പാത വന്നതോടുകൂടി നിർദ്ദിഷ്ട റെയിൽവേ മേൽപ്പാലത്തിന്റെ അലൈൻമെന്റിൽ ആവശ്യമായ ചില മാറ്റങ്ങൾ വരുത്താനുള്ള സർവ്വേ നടപടികൾ ചെയ്തുകൊണ്ടിരിക്കുകയാണെന്നു അധികൃതർ പറയുന്നു.
സംസ്ഥാനത്ത് റെയിൽവേ ഗേറ്റുകളിൽ അപകടങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ അനുമതി നൽകിയ മേൽപ്പാലങ്ങളുടെ ജോലി യുദ്ധകാലാ ടിസ്ഥാനത്തിൽ ചെയ്തുതീർക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ അധികൃതർ. കഴിഞ്ഞ ആറുമാസത്തി നുള്ളിൽ 24 റെയിൽവേ ഗേറ്റുകളിൽ വാഹന അപകടങ്ങൾ ഉണ്ടായിരുന്നു. പാലക്കാട് ഡിവിഷനിൽ മാത്രം കഴിഞ്ഞവർഷം 55 അപകടങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു.129 ഗേറ്റുകളാണ് പാലക്കാട് ഡിവിഷനിൽ മാത്രമായി ഉള്ളത്. അശ്രദ്ധയോടെ വാഹനമോടിച്ച ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി, ഇവരിൽനിന്ന് റെയിൽവേ 17.28 ലക്ഷം രൂപ നഷ്ടപരിഹാരവും ഈടാക്കിയിരുന്നു.
അതിനിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ റെയിൽവേ ഫുട്ട് ഓവർ ബ്രിഡ്ജുകൾ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വയോധികർക്കും, വിദ്യാർത്ഥികൾക്കും റെയിൽവേ ഇരട്ടപ്പാത കടന്നുപോകാൻ പറ്റാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുള്ളത്. ഇതിൽ മൊഗ്രാൽ കൊപ്പളം ഫുട്ട് ഓവർ ബ്രിഡ്ജ് റെയിൽവേയുടെ പരിഗണനയിലുണ്ട്. പദ്ധതി പ്രദേശം നേരത്തെ റെയിൽവേ ഉദ്യോഗസ്ഥർ പരിശോധിച്ചതുമാണ്. അനുമതിക്ക് തടസ്സങ്ങൾ ഒന്നുമില്ലെന്ന് റെയിൽവേ അധികൃതർ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ പാതയും,കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള നാലുവരി പാതയുമൊക്കെ ചർച്ചയാകുമ്പോഴാണ് റെയിൽവേ ഗേറ്റുകളും, മേൽപ്പാലങ്ങളുടെ ആവശ്യകതയും ഏറി വരുന്നത്.







