തടാകത്തിന്റെ നടുവിലെ ജൈനക്ഷേത്രം

ആഗുംബെ പാഠാവലി

പാഠം 1 – കെരെ ബസാഡി

കൊടക്കാട് നാരായണൻ

മംഗളൂരുവിന്റെ പ്രഭാതത്തിന് കടലിന്റെ ഉപ്പുമണമായിരുന്നു. എന്നാൽ ഞങ്ങളുടെ മനസ്സിനെ മാടിവിളിച്ചത് കടലല്ല, മഴയായിരുന്നു. പശ്ചിമഘട്ടത്തിന്റെ ഹൃദയത്തിൽ, കർണാടകയിലെ ഷിമോഗ (ശിവമൊഗ) ജില്ലയിലെ ചെറുഗ്രാമമായ ആഗുംബെ—”ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി” എന്നറിയപ്പെടുന്ന മഴയുടെ സ്വന്തം നാട്. ആ മഴയെ നേരിൽ കാണാനായിരുന്നു ഞങ്ങൾ ഇരുപത് പേർ യാത്രാനന്ദ ട്രാവൽ ഫ്യൂഷൻ്റെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ യാത്രയ്ക്ക് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ടത്. രാവിലെ 5 മണിക്ക് മിനി ടൂറിസ്റ്റ് ബസ്സിൽ ആരംഭിച്ച യാത്ര 7 മണിക്ക് തലപ്പാടി എത്തി. അവിടെ നിന്ന് കർണാടക റെജിസ്ട്രേഷൻ മിനി ബസിൽ. ആകെയുള്ള 21 പേരിൽ കോഴിക്കോട്മുക്കത്ത് നിന്നുള്ള റേജസ് മാഷും ടൂർ മാനേജർ സുബീഷും മംഗലാപുരത്ത് നിന്നാണ് നമ്മോടൊപ്പം ചേർന്നത്. ദേശീയ പാതയിലൂടെ ഉഡുപ്പി പിന്നിട്ട് വാഹനം പശ്ചിമഘട്ടത്തിന്റെ മാറിടത്തിലേക്ക് കയറിത്തുടങ്ങിയപ്പോൾ പ്രകൃതിയുടെ ഭാവവും മാറി. തെങ്ങിൻതോപ്പുകൾക്ക് പകരം കൂറ്റൻ മരങ്ങൾ, കാപ്പിത്തോട്ടങ്ങൾ, കുരുമുളക് വള്ളികൾ, മുളങ്കാടുകൾ… ഓരോ ഹെയർ പിൻ വളവും ഓരോ പുതിയ ചിത്രമായിരുന്നു. മലനിരകളെ പൊതിഞ്ഞുനിൽക്കുന്ന മേഘങ്ങൾ ഞങ്ങളെ വരവേൽക്കാൻ ഇറങ്ങിവന്നതുപോലെ തോന്നി.
കൊതിച്ചിരുന്ന മഴ മാത്രം കിട്ടിയില്ല.
ഉയരം കൂടുന്തോറും മഴയ്ക്ക് പകരം മഞ്ഞ് പുതച്ച ഇളം വെയിൽ ഞങ്ങളുടെ സഹയാത്രികനായി. നൂൽ മഴയായി,ചാറ്റൽമഴയായി, ചിലപ്പോൾ പെരുമഴയായി, ചിലപ്പോൾ മൂടൽമഞ്ഞായി ആഗുംബെ ഞങ്ങളെ സ്വീകരിക്കും എന്നായിരുന്നു പ്രതീക്ഷ. പക്ഷെ മഴയെന്തോ മടിച്ചു നിൽക്കുന്നതു പോലെ. വാഹനത്തിന്റെ ചില്ലിലൂടെ കണ്ട പച്ച വിരിച്ച മല മടക്കുകൾ ഓരോന്നും പ്രകൃതി എഴുതുന്ന കവിതകളായി തോന്നി.
അഗുംബെയിലെത്തിയപ്പോൾ മഴ ഒരു കാലാവസ്ഥയല്ല, ഒരു സംസ്കാരമാണെന്ന് മനസ്സിലായി. വീടുകളുടെ മേൽക്കൂരകളും വഴിയോരങ്ങളും മരച്ചില്ലകളും എല്ലാം മഴയെ കാത്തിരിക്കുന്നതു പോലെ തോന്നി. ഇവിടെ മഴ പെയ്യുന്നില്ല; മഴ ജീവിക്കുകയാണ്.

മഴ നനഞ്ഞ പശ്ചിമഘട്ടത്തിന്റെ പച്ചപ്പിലൂടെ ഞങ്ങളുടെ മലയാളി യാത്രാസംഘം മുന്നേറുകയായിരുന്നു. ആഗുംബെയുടെ മഞ്ഞും മഴയും പിന്നിലാക്കി, ഉഡുപ്പി ജില്ലയിലെ കുന്നുകളും താഴ് വരകളും കടന്ന് ഞങ്ങൾ എത്തിച്ചേർന്നത് പ്രകൃതിയും ആത്മീയതയും കൈകോർക്കുന്ന അപൂർവ തീർഥാടന കേന്ദ്രമായ വാരംഗയിലേക്കാണ്.
വാരംഗ കർണാടകയിലെ ഒരു ഗ്രാമത്തിന്റെ പേരാണ്.
കെരെ ബസാഡി ആ ഗ്രാമത്തിലെ ഏറ്റവും പ്രശസ്തമായ ജൈനക്ഷേത്രമാണ്. വാരംഗയിലെ വിശാലമായ തടാകത്തിന്റെ നടുവിലുള്ള ഒരു ചെറിയ ദ്വീപിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ആദ്യകാഴ്ചയിൽ തന്നെ അത് യാത്രികരുടെ മനസ്സിനെ കീഴടക്കും.
പശ്ചിമഘട്ടത്തിന്റെ താഴ് വാരങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം പുരാതനകാലത്ത് ജൈനമതത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു. കർണാടകത്തിലെ തീരദേശ മേഖലയായ തുളുനാട്ടിൽ ജൈനമതം ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന കാലഘട്ടത്തിൽ വാരംഗയും ശ്രദ്ധേയമായ മത-സാംസ്കാരിക കേന്ദ്രമായി വളർന്നു.
8-ാം നൂറ്റാണ്ട് മുതൽ 13-ാം നൂറ്റാണ്ട് വരെയുള്ള കാലത്ത് ജൈനമതത്തിന് പ്രോത്സാഹനം നൽകിയിരുന്ന പ്രാദേശിക രാജവംശങ്ങളായ ആലുപന്മാർ, ഹൊയ്സാളന്മാർ തുടങ്ങിയവരുടെ കാലഘട്ടത്തിലാണ് ഈ പ്രദേശത്തിന്റെ വളർച്ച വേഗത്തിലായത്.
“കെരെ” എന്ന കന്നഡ വാക്കിന്റെ അർഥം തടാകം എന്നും “ബസാഡി” എന്നത് ജൈനക്ഷേത്രം എന്നും ആണ്. അതുകൊണ്ടാണ് ഈ ക്ഷേത്രത്തിന് കെരെ ബസാഡി എന്ന പേര് ലഭിച്ചത്.
വാരംഗയിൽ ജൈനമതവുമായി ബന്ധപ്പെട്ട നിരവധി പുരാതന ബസാഡികൾ (ജൈനക്ഷേത്രങ്ങൾ) ഉണ്ടെങ്കിലും, തടാകത്തിന് നടുവിൽ സ്ഥിതി ചെയ്യുന്നതിനാൽ കെരെ ബസാഡിയാണ് ഏറ്റവും പ്രശസ്തം.
ഏകദേശം 12-ാം നൂറ്റാണ്ടിലോ 13-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ നിർമ്മിക്കപ്പെട്ടതാണെന്നാണ് പൊതുവായ ചരിത്രനിഗമനം.
തടാകത്തിനുള്ളിൽ ക്ഷേത്രം സ്ഥാപിച്ചതിന് പിന്നിൽ രണ്ട് പ്രധാന കാരണങ്ങൾ പറയപ്പെടുന്നു:
ധ്യാനത്തിനും ആത്മീയചിന്തയ്ക്കും അനുയോജ്യമായ ശാന്തമായ അന്തരീക്ഷം ഒരുക്കുക.
ആക്രമണങ്ങളിൽ നിന്ന് ക്ഷേത്രത്തെ സംരക്ഷിക്കുക.
ക്ഷേത്രത്തിലെത്താൻ സന്ദർശകർ തടാകം മുറിച്ചുകടക്കുന്നതിന് തടി വള്ളമാണ് ഉപയോഗിക്കുന്നത്. വല്ലം കുത്തി നീങ്ങുന്ന ഈ വഞ്ചി യാത്രയാണ് വാരംഗ സന്ദർശനത്തിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന്.
പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചരിവുകളിൽ, കാടുകളും കുന്നുകളും നെൽപ്പാടങ്ങളും ചേർന്ന് തീർത്ത മനോഹര ഭൂപ്രദേശത്താണ് വാരംഗ സ്ഥിതി ചെയ്യുന്നത്. സമൃദ്ധമായ മഴയും ധാരാളം ജലസ്രോതസ്സുകളും ഈ പ്രദേശത്തെ എന്നും പച്ച പുതച്ചു നിർത്തുന്നു. പ്രകൃതി ഇവിടെ ഒരു ചിത്രകാരന്റെ ക്യാൻവാസ് പോലെയാണ്.ഓരോ കാലാവസ്ഥയും അതിൽ പുതിയ നിറങ്ങൾ ചേർക്കുന്നു.

വാരംഗയുടെ ഹൃദയഭാഗത്താണ് ശാന്തമായ വിശാല തടാകം. അതിന്റെ നടുവിൽ, നീലാകാശത്തെ പ്രതിഫലിപ്പിച്ച്, നിശ്ശബ്ദതയുടെ പ്രതീകമായി ഉയർന്നുനിൽക്കുന്നു ജൈനമതത്തിന്റെ പുരാതന ആരാധനാലയമായ ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ദേവാലയം, ജൈന പാരമ്പര്യത്തിന്റെയും ദക്ഷിണേന്ത്യൻ ശില്പകലയുടെ സൗന്ദര്യത്തിന്റെയും അപൂർവ സംഗമമാണ്. വിശ്വാസപ്രകാരം മധ്യകാലഘട്ടത്തിൽ രൂപംകൊണ്ട ഈ തീർഥകേന്ദ്രം ഇന്നും ആത്മീയതയുടെ പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു.
കരയിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള യാത്രയിലെ ഏറ്റവും ഹരം പകർന്ന അനുഭവം തോണി സവാരി തന്നെയാണ്. ശബ്ദശല്യമില്ലാതെ വല്ലം കുത്തി ശാന്തമായി നീങ്ങുന്ന ബോട്ട് തടാകത്തിലെ തെളിഞ്ഞ ജലത്തിലൂടെ മുന്നേറുമ്പോൾ, വെള്ളത്തിലെ ചെറു ഓളങ്ങൾ യാത്രയ്ക്ക് താളമടിക്കുന്നു . ബോട്ടിന്റെ ഇരു വശങ്ങളിലും വെള്ളത്തിൽ പ്രതിഫലിക്കുന്ന മരങ്ങളും ആകാശവും ക്ഷേത്രവും ചേർന്ന് ഒരു ജീവനുള്ള ചിത്രമൊരുക്കുന്നു.

(തുടരും….)
നാളെ പാഠം 2
കെരെ ബസാഡി – ചരിത്രം

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page