കാസര്‍കോട്: റെയില്‍വെയിലും ഇന്ത്യന്‍ ആര്‍മിയിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ച കേസില്‍ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. കൊല്ലം, കൊട്ടാരക്കര, വാളയം, അണ്ടൂര്‍, പൂവത്തൂങ്കല്‍ ഹൗസിലെ എസ് സന്തോഷ് കുമാറി (56)നെയാണ് കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ് പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കണ്ണൂരിലെ വഞ്ചനാ കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് സന്തോഷ് കുമാറിനെ കോടതി പിടികിട്ടാപ്പിള്ളിയായി പ്രഖ്യാപിച്ചത്. പ്രതിക്കെതിരെ അന്തര്‍ സംസ്ഥാന ബന്ധം ഉള്ളതിനാലാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്.
പ്രതി എറണാകുളം, കാക്കനാട് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ് പിയുടെ നിര്‍ദ്ദേശപ്രകാരം സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി പി പ്രമോദ്, പി ഷിനോജ്, കെ ബിജു എന്നിവര്‍ കാക്കനാട്ടെത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രതിക്കെതിരെ കണ്ണൂര്‍, കാട്ടാക്കട, കനകക്കുന്ന്, പന്തളം, അടൂര്‍, ഏനാത്ത്, പുളികീഴ്, ഹരിപ്പാട് പൊലീസ് സ്റ്റേഷനുകളിലും മംഗ്‌ളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിലുമായി 11 കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. ഇന്ത്യയിലും വിദേശത്തും സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ ജോലി വാഗ്ദാനം ചെയ്തതാണ് ആളുകളില്‍ നിന്നു പണം തട്ടിയെടുത്ത തെന്നു കൂട്ടിച്ചേര്‍ത്തു.








