കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ രണ്ടു പോക്‌സോ കേസുകളില്‍ പ്രതിയായ ഉസ്താദ് അറസ്റ്റില്‍. ബീഹാറിലെ ഒളി സങ്കേതത്തില്‍ നിന്ന് വളാഞ്ചേരി പൊലീസാണ് മലപ്പുറം, ആദവനാട് സ്വദേശിയായ എം കെ മുഹമ്മദിനെ പിടികൂടിയത്. ഇയാളെയും കൊണ്ട് പൊലീസ് സംഘം കേരളത്തിലേയ്ക്ക് തിരിച്ചിട്ടുണ്ട്.
ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മദ്രസയില്‍ അധ്യാപനാണ് മുഹമ്മദ് ഉസ്താദ്. പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ ബേക്കൽ പൊലീസ് രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെ ഇയാള്‍ ഒളിവില്‍ പോവുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു. ഇതോടെയാണ് മലപ്പുറത്തെ ഒരു മദ്രസയിലെ 14 കുട്ടികളെ എം കെ മുഹമ്മദ് പീഡിപ്പിച്ചതായുള്ള പരാതി വന്നതും വളാഞ്ചേരി പൊലീസ് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും. തുടര്‍ന്നാണ് ബേക്കലില്‍ നിന്നു മുങ്ങിയ എം കെ മുഹമ്മദിനെ തേടി വളാഞ്ചേരി പൊലീസ് ബീഹാറിലേയ്ക്കു പോയത്. പ്രതിയെ നാട്ടിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വരുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.







