സ്‌കൂള്‍ കുട്ടികള്‍ക്ക് ഇനി ഭയമില്ലാതെ നടക്കാം; റോഡരുകിലെ പുല്ലും കാടും ഒറ്റയ്ക്ക് നീക്കം ചെയ്ത് ഭിന്നശേഷിക്കാരന്‍, കുമ്പളയില്‍ ഉദയനാണ് താരം

കാസര്‍കോട്: കുമ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും ഹോളി ഫാമിലി സ്‌കൂളിലേയും കുട്ടികള്‍ക്ക് ഇനി ഇഴജന്തുക്കളെ പേടിക്കാതെ നടന്നു പോകാം. റോഡരുകിലെ കാടും പുല്ലും ഒറ്റയ്ക്ക് നീക്കം ചെയ്ത് മാതൃകയായി വികലാംഗനായ വ്യാപാരി . കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപത്ത് പെറ്റ് ഷോപ്പ് നടത്തുന്ന ഉദയനാണ് നാട്ടിലെ താരമായത്. ഇടുങ്ങിയതും ഇരു വശത്തും പാഴ്ച്ചെടികൾ വളർന്നു നിൽക്കുന്ന മളി റോഡില്‍ കൂടിയാണ് ഉദയന്‍ തന്റെ മുച്ചക്രവണ്ടിയില്‍ ദിവസവും കടയില്‍ എത്തുന്നത്. ഇതുവഴി വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍ നടയാത്രക്കാര്‍ മതിലിനു അരികിലേയ്ക്ക് കയറി നില്‍ക്കേണ്ട സ്ഥിതിയാണ്. ചെറിയ കുട്ടികൾ അടക്കമുള്ളവർ ഇങ്ങിനെ നില്‍ക്കുന്ന കാഴ്ചയ്ക്ക് നിരവധി തവണ നേര്‍ സാക്ഷിയായിട്ടുണ്ട് , ജന്മനാ വികലാംഗനായ ഉദയന്‍. ഈ സമയത്ത് ഇഴ ജന്തുക്കളുടെ കടിയേല്‍ക്കാനുള്ള സാധ്യത മുന്നിൽ കണ്ട ഉദയന്‍ പാഴ്ച്ചെടികളും പുല്ലും നീക്കം ചെയ്യാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഇന്ന് (വ്യാഴം) രാവിലെ കട തുറക്കാന്‍ പോകുന്നതിനു മുമ്പ് ആയുധങ്ങളുമായി ഉദയന്‍ നിരങ്ങി , നിരങ്ങി നേരെ റോഡിലെത്തി കാടും പുല്‍ച്ചെടികളുമെല്ലാം നീക്കം ചെയ്യുകയായിരുന്നു; പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ . നന്മയാർന്ന ഈ പ്രവൃത്തിയിലൂടെ കുമ്പളയിലെ താരമായിരിക്കുകയാണ് ഉദയനിപ്പോൾ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page