ദുരൂഹത നീങ്ങി; വാണിയപ്പാറ പള്ളിയിലെ കല്ലറയില്‍ ഉള്ളത് പള്ളിരേഖയില്‍ പറയുന്ന രണ്ട് മൃതദേഹം മാത്രം; പായ മൃതദേഹത്തിനടിയിലുണ്ടായിരുന്നത്

കണ്ണൂര്‍: വാണിയപ്പാറ പള്ളിയിലെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങി. കല്ലറയില്‍ രണ്ട് മൃതദേഹങ്ങളാണ് ഉള്ളതെന്ന് സ്ഥിരീകരിച്ചു. കല്ലറയില്‍ മറിയാമ്മ, ജെയിംസ് എന്നിവരെയാണ് അടക്കം ചെയ്തിരുന്നത്.
കണ്ട പായ മൃതദേഹത്തിന് അടിയില്‍ വച്ചതെന്നാണ് പൊലീസിന്റെ നിഗമനം. രണ്ട് മൃതദേഹങ്ങളുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. അതേസമയം കല്ലറയില്‍ ദുരൂഹത ഇല്ലെന്നും നിലവില്‍ കല്ലറയില്‍ ഉള്ളത് രണ്ടു മൃതദേഹങ്ങള്‍ മാത്രമാണെന്നും പൊലീസും അറിയിച്ചു. പള്ളിയുടെ പരാതിയില്‍ ബുധനാഴ്ച് രാവിലെ കല്ലറ തുറന്നു പരിശോധിച്ചിരുന്നു. പരിശോധനയില്‍ കല്ലറയില്‍ ഉള്ളത് നേരത്തെ അടക്കിയ മൃതദേഹങ്ങളാണെന്നും 2006 ല്‍ അടക്കിയ മറിയയുടെയും 2015 ല്‍ അടക്കിയ ജെയിംസിന്റെയും മൃതദേഹമാണ് അതെന്നും എഎസ്പി ജയരാജ് പറഞ്ഞു.
ജൂണ്‍ 13 ന് മറ്റൊരു മൃതദേഹം അടക്കം ചെയ്യാനായി കല്ലറ തുറന്നപ്പോഴാണ് 38ാം നമ്പര്‍ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ മൃതദേഹം കണ്ടെത്തുന്നത്. പിന്നീട് കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്‌കറിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ സംശയം ഉന്നയിക്കുകയും മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയതിന്റെയും പശ്ചാത്തലത്തിലാണ് അന്വേഷണം വരുന്നത്. സംശയത്തെ തുടര്‍ന്ന് പള്ളി വികാരി ഫാ. ജില്‍ബര്‍ട്ട് കൊന്നയിലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. സംശയങ്ങള്‍ ദൂരീകരിക്കാനാണ് കല്ലറ തുറന്ന് പരിശോധന നടത്തിയത്. ഇനി ഡി.എന്‍.എ അടക്കമുള്ള ശാസ്ത്രീയ പരിശോധനകളുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഇതില്‍ വ്യക്തത വരൂ. പരിശോധനകള്‍ക്ക് ശേഷം കല്ലറ അടച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page