കാസര്‍കോട്: മൈലാട്ടി സബ്‌സ്‌റ്റേഷന് സമീപത്തെ കെട്ടിടത്തില്‍ അനധികൃത പാന്‍മസാല യൂനീറ്റ് പൊലീസ് കണ്ടെത്തി. ചാക്കുകളില്‍ കയറ്റി അയക്കാന്‍ ഒരുക്കിയ 15000 പാക്കറ്റ് പാന്‍മസാലയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ പിടിയിലായി. ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി മേല്‍പറമ്പ് പൊലീസ് നടത്തിയ റെയ്ഡിലാണ് പാന്‍മസാല യൂനീറ്റ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകീട്ട് ഇന്‍സ്‌പെക്ടര്‍ എന്‍പി രാഘവനും സംഘവും മയിലാട്ടിയില്‍ റെയ്ഡ് നടത്തുകയായിരുന്നു. നിര്‍മാണത്തിന് വേണ്ട പാക്കിങ് മെഷീന്‍, കംപ്രസര്‍, ജനറേറ്റര്‍ തുടങ്ങി യന്ത്രങ്ങള്‍ സ്ഥാപനത്തില്‍ കണ്ടെത്തി. യൂനീറ്റ് നടത്തിപ്പുകാരായ ബദിയടുക്കയിലെ മുഹമ്മദ് ഹാരിസ്(29), മീപ്പുഗിരിയിലെ സിഎംജാഫര്‍(32) എന്നിവര്‍ പിടിയിലായി. ഫെനോയില്‍ നിര്‍മാണമെന്ന പേരില്‍ ആരംഭിച്ചത് പാന്‍മസാല നിര്‍മാണമെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. മാര്‍ച്ചിലാണ് കേന്ദ്രം തുടങ്ങിയതെങ്കിലും പാന്‍മസാല നിര്‍മാണം ഈമാസം ആദ്യം ആണ് ആരംഭിച്ചത്. കോഴിക്കോട്ടേയ്ക്ക് അയക്കാന്‍ ഒരുക്കിയ 25 ചാക്ക് ഉല്‍പ്പന്നങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. കൂള്‍ലിപ്പ് എന്ന പേരാണ് പാക്കറ്റിലുണ്ടായിരുന്നത്. ഇതരസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെയാണ് കേന്ദ്രം ഇവിടെ പ്രവര്‍ത്തിച്ചത്. നാട്ടുകാര്‍ സംശയിക്കാതിരിക്കാന്‍ സ്ഥാപനത്തിന്റെ മുന്‍വശത്തെ മുറിയില്‍ ഫെനോയില്‍ അടുക്കിവച്ചിരുന്നു. എസ്‌ഐ ഷൈജു, എ.എസ്.ഐമാരായ മനു, ജയപ്രകാശ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.








