കൊച്ചി: വില്ലിങ്ഡണ്‍ ഐലന്‍ഡിലെ തുറമുഖ മേഖലയിലെ റെയില്‍ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം കാണാതായി. മുറിച്ചു കടത്തിയതായി സംശയം. ഐലൻഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന റെയിൽവേ പാതയിലെ ഒരു ഭാഗമാണ് കാണാതായിരിക്കുന്നത്. ഈ ഭാഗത്തേക്കു നിലവില്‍ ചരക്കുനീക്കം ഇല്ലാത്തതിനാല്‍ കാടുമൂടി കിടക്കുകയായിരുന്നു. സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇവിടെ സദാസമയവും കാവലുണ്ട്.
വല്ലാര്‍പാടം നിലവില്‍ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണു നഷ്ടപ്പെട്ടത്. ക്യു9 ബര്‍ത്ത് മുതല്‍ ടാറ്റാ ടെറ്റ്‌ലി വരെയുള്ള ഭാഗത്തെ ഉരുക്കു പാളങ്ങളാണു കാണാതായത്. വിവരത്തെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് റെയില്‍വേ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളൂര്‍ എച്ച്എന്‍എല്ലിലേക്കു മുമ്പ് കല്‍ക്കരി കൊണ്ടു പോയിരുന്നത് ഈ പാളം വഴിയായിരുന്നു. പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണിത്. റെയിൽ പാളത്തിന്റെ പരിപാലനവും അവര്‍ തന്നെയാണു ചെയ്തിരുന്നത്. പാളം സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍ മതില്‍ക്കെട്ടിനകത്തു ചിതറിക്കിടക്കുകയാണ്. പുറത്തു നിന്ന് അനുവാദമില്ലാതെ ആര്‍ക്കും കടക്കാന്‍ കഴിയാത്ത മേഖലയില്‍ നിന്ന് ഇത്രയേറെ റെയില്‍വേ ട്രാക്ക് മോഷണം പോയതില്‍ വലിയ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം ഇത് സംബന്ധിച്ച് പൊലീസിൽ ആരും പരാതിയുമായി എത്തിയിട്ടുമില്ല. അതീവ സുരക്ഷാ മേഖലയായ കൊച്ചി വില്ലിങ്ഡൻ ഐലൻഡിൽ വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.








