കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല

കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച കുണ്ടംകുഴി ജി ബി ജി തട്ടിപ്പ് കേസ് അന്വേഷണം നടത്താന്‍ സി ബി ഐ വരുമോ? വരുമെന്ന പ്രതീക്ഷയിലാണ് യൂത്ത് കോണ്‍ഗ്രസ്. കാസർകോട് ,കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലും ദക്ഷിണ കന്നഡ ജില്ലയിലും നടത്തിയ തട്ടിപ്പിലൂടെ 500 കോടിയില്‍പ്പരം രൂപ കൈക്കലാക്കിയ കേസ് അന്വേഷണത്തിൽ വലിയ വീഴ്ചകളും തരികിടയും നടന്നിട്ടുണ്ടെന്നും സി ബി ഐ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് ശ്രീജിത്ത് കോടോത്തിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കി. ആയിരക്കണക്കിനു പേര്‍ക്കാണ് തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടത്. അഞ്ഞൂറ് കോടിരൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നത്. ഇതുപ്രകാരം ബി.യു.ഡി.എസ് ( ബാനിംഗ് ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം സ് )നിയമം കേസിൽ ചേർത്തിരുന്നു.
എന്നാല്‍ നൂറു കണക്കിനു പേർ തട്ടിപ്പിനു ഇരയായിട്ടും ബേഡകം പൊലീസ് 32 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ലഭിച്ച പരാതികളെല്ലാം പരസ്പരം കൂട്ടി കെട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇതു തട്ടിപ്പുകാർക്ക് രക്ഷപ്പെടാനുള്ള അവസരം നല്‍കിയെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആക്ഷേപം.
ഒരു ലക്ഷംരൂപയ്ക്ക് 10 മാസം കൊണ്ട് 80,000 രൂപ പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് ജി ബി ജി (ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ്) ക്കെതിരായി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ പറയുന്നത്. തുടക്കത്തില്‍ നിക്ഷേപകര്‍ക്ക് കൃത്യമായി ലാഭ വിഹിതവും പലിശയും നല്‍കി വിശ്വാസ്യത പിടിച്ചുപ്പറ്റിയാണ് തട്ടിപ്പ് വ്യാപകമായി നടത്തിയത്. നിക്ഷേപകരുടെ പണം ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിച്ചുവെന്നും അതിനായി സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി ഉണ്ടാക്കിയെന്നും വിശ്വസിപ്പിച്ചായിരുന്നു കോടിക്കണക്കിനു രൂപ കൈക്കലാക്കിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തട്ടിപ്പ് സംബന്ധിച്ച് ബേഡകം പൊലീസാണ് ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. തട്ടിപ്പു പുറത്തായതോടെ നൂറുകണക്കിനു പരാതികള്‍ ഒഴുകിയെത്തി. ഇതോടെ 2023 ജനുവരിയില്‍ ജിബിജി ചെയര്‍മാന്‍ ഡി വിനോദ് കുമാറിനെയും ഡയറക്ടര്‍മാരെയും ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പ്രതികളുടെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എന്നാല്‍ കേസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആഭ്യന്തര മന്ത്രിക്കു നിവേദനം നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല
Scroll to top

You cannot copy content of this page