കാസര്‍കോട്: മദ്യലഹരിയില്‍ ഓടിച്ച ട്രൈലര്‍ ഇടിച്ച് അഞ്ചു വാഹനങ്ങള്‍ തകര്‍ന്നു. മഞ്ചേശ്വരം, തലപ്പാടിയില്‍ ഇന്നലെ(ചൊവ്വ) വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. സംഭവത്തിൽ കേസെടുത്ത മഞ്ചേശ്വരം പൊലീസ് ട്രൈലര്‍ ഡ്രൈവർ ബംഗ്‌ളൂരു, കെ ആര്‍ പുരത്തെ എ. വടിവേല (32) നെ അറസ്റ്റു ചെയ്തു. മംഗ്‌ളൂരു ഭാഗത്തു നിന്നു കാസര്‍കോട് ഭാഗത്തേയ്ക്ക് വരികയായിരുന്നു ട്രൈലര്‍. കര്‍ണ്ണാടക അതിര്‍ത്തി കടന്ന് മേലെ തലപ്പാടിയില്‍ എത്തിയപ്പോള്‍ ട്രൈലര്‍ നിയന്ത്രണം തെറ്റി മൂന്നു കാറുകളിലുംലോറിയിലും റിക്ഷയിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കു പരിക്കേറ്റു. ട്രൈലര്‍ ഡ്രൈവറെ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് മദ്യ ലഹരിയിലാണെന്നു വ്യക്തമായതെന്നു പൊലീസ് പറഞ്ഞു.










