കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന വിവിധ ബാറ്ററി മോഷണ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതിയെ കര്‍ണ്ണാടക പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചെങ്കള, തൈവളപ്പില്‍ ഷമീറി (50)നെയാണ് കാസർകോട് കോടതി മംഗ്‌ളൂരു പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. കര്‍ണ്ണാടകയില്‍ നടന്ന ബാറ്ററി മോഷണ കേസുകളില്‍ ഷമീറിനു ബന്ധമുണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ നൽകണമെന്ന അപേക്ഷയുമായി പൊലീസ് ,കോടതിയെ സമീപിച്ചത്. കുമ്പളയിലും പരിസരങ്ങളിലും നിര്‍ത്തിയിട്ടിരുന്ന പത്തോളം വാഹനങ്ങളില്‍ നിന്നായി ബാറ്ററികള്‍ മോഷ്ടിച്ച കേസിലാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ്, എസ് ഐ മാരായ അനന്തകൃഷ്ണന്‍, കെ കെ ഷമീൽ എന്നിവര്‍ ചേര്‍ന്ന് ഷമീറിനെ അറസ്റ്റു ചെയ്തത്. മോഷ്ടിച്ച ബാറ്ററികളില്‍ ഒന്ന് കാസര്‍കോട്ടെ ആക്രിക്കടയില്‍ നിന്നു കണ്ടെത്തുകയും ചെയ്തിരുന്നു.







