കാസര്‍കോടിന് വേണം കൈത്താങ്ങ്; ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങക്ക് പിന്തുണ ആവശ്യപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാബുഎബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിച്ചു. വര്‍ധിച്ച് വരുന്ന ജില്ലയുടെ സാമൂഹിക സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കാസര്‍കോട് വികസന പാക്കേജില്‍ 100 കോടി രൂപ അനുവദിക്കണമെന്ന് ജനപ്രതിനിധി സംഘം മുഖ്യമന്ത്രി വിഡി സതീശനോട് ആവശ്യപ്പെട്ടു. അനുഭാവപൂര്‍വ്വം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു. മഴക്കാല രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, ജില്ലാആശുപത്രി ഉള്‍പ്പെടെയുള്ള ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ 143 ഡോക്ടര്‍മാരുടെ കുറവുണ്ട്. ജില്ലാ ആശുപത്രിയില്‍ ഫൊറെന്‍സിക് സര്‍ജനെ അനുവദിക്കണമെന്നു ജനപ്രതിനിധി സംഘം ആവശ്യപ്പെട്ടു. ആരോഗ്യരംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിരമായി ജില്ലാതലത്തില്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഉറപ്പ് നല്‍കി. കൂടാതെ ജില്ലാപഞ്ചായത്തിന് കീഴിലുള്ള സീഡ് ഫാം വികസനം, പുതിയ മണ്ണ് പരിശോധന കേന്ദ്രം അനുവദിക്കുക, ടാറ്റാ ഹോസ്പിറ്റല്‍ മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രി ആക്കി ഉയര്‍ത്താന്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വേഗത്തിലാക്കുക, കൂടുതല്‍ റോഡുകള്‍ പിഡബ്ല്യൂഡി ഏറ്റെടുത്ത് വികസിപ്പിക്കുക തുടങ്ങി ജില്ലയിലെ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പിന്തുണ ആവശ്യപ്പെട്ടു. വ്യവസായ രംഗത്ത് ജില്ലയുടെ സവിശേഷത പ്രയോജനപ്പെടുത്താന്‍ ഒപ്പം ഉണ്ടാകുമെന്ന് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം ഉറപ്പ് നല്‍കി. എംഎല്‍എമാരായ എകെഎം അഷറഫ്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാരി സോയ, ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മനു, ജില്ലാപഞ്ചായത്ത് അംഗങ്ങളായ അസീസ് കളത്തൂര്‍, സോമശേഖര, പിബി ഷഫീക് തുടങ്ങിയവരും നിവേദകസംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page