തിരുവനന്തപുരം: അന്തരിച്ച മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നൽകിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് നിരഞ്ജനയ്ക്ക് ജോലി നൽകാൻ തീരുമാനം. സർക്കാരിന്റെ സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിയമനം. ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണർ ഉത്തരവിൽ തുടർനടപടി സ്വീകരിക്കും. മകള്‍ക്ക് ആശ്രിത നിയമനം നല്‍കണമെന്ന് കാട്ടി മാതാവ് മഞ്ജുഷ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. 2024 ഒക്ടോബര്‍ 15നാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലേദിവസം കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ പി പി ദിവ്യ നടത്തിയ പ്രസംഗമാണ് നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു പ്രസംഗം. ദിവ്യ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു മരണം. കേസില്‍ നിലവില്‍ സമര്‍പ്പിച്ച കുറ്റപത്രം അനുസരിച്ച് പി പി ദിവ്യ മാത്രമാണ് പ്രതി. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.







