നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, അപകടം കൊട്ടാരക്കര നീലേശ്വരത്ത്

കൊല്ലം: നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്.
ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ കൊട്ടാരക്കര നീലേശ്വരത്ത് ആണ് അപകടം നടന്നത്. മരിച്ചവരില്‍ ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥി പാര്‍ഥിപ് (15), കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അജയകുമാര്‍ (45) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
രാവിലെ സ്‌കൂളില്‍ പോകാനായി കുട്ടികള്‍ ബസ് കാത്തുനില്‍ക്കവേ അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. ലോറി മറിഞ്ഞതിനെ തുടര്‍ന്ന് കുട്ടികള്‍ ടിപ്പറിനടിയിലും മണ്ണിലും അകപ്പെടുകയായിരുന്നു. അപകടസമയത്ത് എട്ട് പേര്‍ ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. വളവു തിരിഞ്ഞ് എത്തിയ ടിപ്പര്‍ എതിരെ വന്ന ബൈക്കിലിടിച്ച് നിയന്ത്രണം വിട്ടതാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടസ്ഥലത്തുനിന്നും അഞ്ച് പേരെയാണ് നിലവില്‍ പുറത്തെടുത്തത്. ഇതില്‍ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. കുശാല്‍, ഋഷഭ് ബോബന്‍, നവനീത്, ജിബി മോള്‍, ടിപ്പര്‍ ഡ്രൈവര്‍ ചവറ സ്വദേശി നിസാം എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ലോറിയുടെ അമിത വേഗതയും മറ്റു കാര്യങ്ങളും പരിശോധിച്ച് വരികയാണെന്ന് പൊലീസും ജില്ലാ കളക്ടറും അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page