നമ്മുടെ നഗരസഭയ്ക്ക് പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിക്കണം- കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഉന്നയിച്ച പ്രധാന ആവശ്യം.
നിലവിലുള്ള കെട്ടിടം നിര്‍മ്മിച്ചിട്ട് ആറ് പതിറ്റാണ്ടാകാറായി. 1968 നവംബര്‍ 26-ാം തീയ്യതി അബ്ദുല്‍ റഹിമാന്‍ ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി കെ ദിവാകരന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച ഓഫീസ് മന്ദിരമാണത്രേ അത്. പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത് പത്ത് കൊല്ലം കഴിഞ്ഞ് 1978 ജൂണ്‍ 23ന്. അപ്പോള്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എം രാമണ്ണ റൈ ആയിരുന്നു.
അധ്യക്ഷത വഹിച്ചത് മുന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ഹമീദലി ഷംനാട്. സര്‍ക്കാര്‍ വക ഏത് നിര്‍മ്മാണത്തിനും രണ്ട് ഉദ്ഘാടനം. ശിലാ സ്ഥാപനം എന്ന നിര്‍മ്മാണോദ്ഘാടനം ആദ്യം. നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശേഷം വീണ്ടും ഒരു ചടങ്ങ്. ഗുണഭോക്താക്കള്‍ക്ക് സമര്‍പ്പണം.
നമ്മുടെ നഗരസഭാ മന്ദിരം കാലപ്പഴക്കം കാരണം പ്രവര്‍ത്തന യോഗ്യമല്ലാതായി. പുതുക്കിപ്പണിയണം എന്ന അഭ്യര്‍ത്ഥന മാനിച്ച് സര്‍ക്കാര്‍ ചെറിയൊരു തുക ബജറ്റില്‍ വകയിരുത്തിയതായി അറിയിച്ചിരുന്നു. (രണ്ടാം പിണറായി സര്‍ക്കാര്‍) വെറും മൂന്നു കോടി രൂപ. പണം നീക്കിവെച്ചിട്ടുണ്ട് എന്ന് അറിയിച്ചതല്ലാതെ, അനന്തര നടപടികളൊന്നും തന്നെ ഉണ്ടായില്ല. ഏഴു കോടി രൂപ കൂടി പുതിയ ബജറ്റില്‍ അനുവദിക്കണം എന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അപ്പോള്‍ ആകെ പത്തു കോടി രൂപയായി.
പത്തുകോടി രൂപ -ഈ തുക കൊണ്ട് ഇന്നത്തെയും ഭാവിയിലെയും ആവശ്യത്തിനുതകുന്ന നഗരസഭാ ഓഫീസ് നിര്‍മ്മിക്കാന്‍ കഴിയുമോ?
ഭരണ സംവിധാനത്തിന്റെ ഗുണഫലം എല്ലാവര്‍ക്കും ലഭ്യമാകണം- ഒട്ടും കാല താമസം കൂടാതെ. ഭരണം കൈയാളുന്നവരുമായി ബന്ധപ്പെടാന്‍ കഴിയണം. അധികാരം രാജ്യ തലസ്ഥാനത്ത് മാത്രം കേന്ദ്രീകരിക്കാന്‍ പാടില്ല. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും തലസ്ഥാനം എവിടെയാകണം എന്നതൊരു തര്‍ക്ക വിഷയമാണ്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ഈ മൂന്നു പ്രവിശ്യകളും ഒന്നായിച്ചേര്‍ന്ന് കേരള സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ തലസ്ഥാനം എവിടെയാകണം എന്നത് സംബന്ധിച്ചും തര്‍ക്കമുണ്ടായി. തിരുവനന്തപുരത്തായാല്‍ തങ്ങള്‍ വളരെ അകലെയായിപ്പോകും എന്ന് മലബാറുകാര്‍ പരാതിപ്പെട്ടു. പക്ഷേ, ഫലമുണ്ടായില്ല. ഹൈക്കോടതി കൊച്ചിയിലും തലസ്ഥാനം -(നിയമസഭാ മന്ദിരവും സെക്രട്ടറിയേറ്റും)- തിരുവനന്തപുരത്തും എന്ന വീതം വയ്പുണ്ടായി- അനുരഞ്ജനത്തിലെത്തി.
ഭരണത്തിന്റെ ഗുണഫലം എല്ലാവര്‍ക്കും, എല്ലായിടത്തും എത്തണം എന്ന സദുദ്ദേശ്യത്തോടെയാണ് തദ്ദേശ സ്വയംഭരണ സംവിധാനം-ഭരണ വികേന്ദ്രീകരണം- എന്ന ആശയം അംഗീകരിക്കപ്പെട്ടത്. പ്രാവര്‍ത്തികമായതും. ഗ്രാമ ഭരണത്തിന് പഞ്ചായത്ത്, നഗരഭരണത്തിന് ജില്ലാ പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്തും മുനിസിപ്പാലിറ്റിയും വേറെയും. വന്‍ നഗരമാണെങ്കില്‍ കോര്‍പ്പറേഷനും.
ഓരോ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെയും കാര്യക്ഷമതയോടെയുള്ള പ്രവര്‍ത്തനത്തിന് -തദ്ദേശങ്ങളുടെ മേല്‍നോട്ടത്തിന്്- ഉതകുന്ന കാര്യാലയങ്ങളുണ്ടാകണം. അക്കാര്യത്തിലാണ് നമ്മുടെ മുനിസിപ്പാലിറ്റിയുടെ പരിമിതി. മുനിസിപ്പാലിറ്റി ഓഫീസിന് നല്ല കെട്ടിടമില്ല. ഉണ്ടായിരുന്നത് കാലപ്പഴക്കം മൂലം അധോഗതിയില്‍. അതിന്റെ കോട്ടം തീര്‍ക്കണം. അറ്റകുറ്റപ്പണി എന്ന മിനുക്കുപണി- ഓട്ടയടയ്ക്കല്‍- നടത്തിയാല്‍പ്പോരാ. കാലോചിതമായി പുതുക്കിപ്പണിയണം.
ഓഫീസ് ജീവനക്കാര്‍ക്ക് കാര്യ നിര്‍വ്വഹണത്തിനാവശ്യമായ മുറികളൊരുക്കണം. പുതിയ സാങ്കേതിക വിദ്യകളാണല്ലോ ഇപ്പോള്‍ എവിടെയും. അതിനുതകുന്ന സംവിധാനങ്ങളുണ്ടാകണം. പുതിയ ഓഫീസ് നിര്‍മ്മിക്കാനുള്ള പ്ലാന്‍ തയ്യാറാക്കുമ്പോള്‍ത്തന്നെ ദൂരക്കാഴ്ചയുണ്ടാകണം. ഇത് പോരാ, അതും വേണം; എന്ന് പിന്നെപ്പറയാനിടയാകരുത്. വീണ്ടുവിചാരം പാഴ്ച്ചെലവിനിടയാക്കും. അത് ഒഴിവാക്കണം.
പഴയൊരു സംഭവം ഓര്‍മ്മ വരുന്നു- കുമ്പള -ബദിയഡുക്ക റോഡ് നിര്‍മ്മാണം. പ്ലാനും എസ്റ്റിമേറ്റും തയ്യാറായി. ഫണ്ടും അനുവദിക്കപ്പെട്ടു. നിര്‍മ്മാണോദ്ഘാടനത്തിന് വകുപ്പ് മന്ത്രിയെത്തി. അധ്യക്ഷത വഹിക്കാന്‍ സ്ഥലം എം എല്‍ എയും. അധ്യക്ഷപ്രസംഗത്തില്‍ ഒരു നിര്‍ദ്ദേശം. വെറും ടാറിങ്ങ് പോരാ, മെക്കാഡം ടാറിങ്ങ് വേണം. മന്ത്രിക്ക് സമ്മതം. മെക്കാഡം റോഡ് തന്നെ. അപ്പോഴാണ് ആരോ ഉറക്കെ പറഞ്ഞത് അതിന് ചെലവ് കൂടും. ബജറ്റില്‍ വകയിരുത്തപ്പെട്ട തുക തികയുകയില്ല. മന്ത്രിക്കും ബോധ്യമായി. എന്നാല്‍, പകുതി ദൂരം മെക്കാഡം. അതിനപ്പുറം സാധാരണ ടാറിങ്ങ്. അതിനും തുക തികയുന്നില്ലെങ്കില്‍ ബാക്കി ഭാഗം അറ്റകുറ്റപ്പണി എന്ന കുഴിയടക്കലാകട്ടെ. ചിലര്‍ കൈയടിച്ചു; ചിലര്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. അവസാനം റോഡ് ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍! അതോ, നരകത്തിലോ?
നഗരസഭാ ചെയര്‍പേഴ്സണ്‍ വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നറിയില്ല. മീറ്റിങ്ങ് ഹാള്‍ മാത്രം പോരാ. ഒന്നാമത്തെ കാര്യം- പ്രാഥമികാവശ്യ നിര്‍വ്വഹണം. -അതായത്, ശുചിമുറികള്‍- അത്് വിട്ടുപോകരുത്. ഇപ്പോഴത്തെ ദുരവസ്ഥ- (അത് അനുഭവിച്ചവര്‍ക്കറിയാം)- ഭാവിയിലുണ്ടാകാന്‍ പാടില്ല. കോണ്‍ഫറന്‍സ് ഹാളിന് താഴെയുള്ള ശുചിമുറി- എന്ത് ശുചി- അതുപോലെയാകരുത്. കൗണ്‍സിലര്‍മാര്‍ സ്വന്തം സൗകര്യം മാത്രം നോക്കിയാല്‍പ്പോരാ. ഓഫീസില്‍ ഓരോ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങളുടെ പ്രാഥമികാവശ്യ നിര്‍വ്വഹണത്തെക്കുറിച്ചും ചിന്തിക്കണം.
മുനിസിപ്പല്‍ ഓഫീസിനടുത്ത് ലൈബ്രറിയുണ്ട്- ഉണ്ടായിരുന്നു എന്നാണ് പറയേണ്ടത്. നാശോന്മുഖമായ വലിയൊരു കെട്ടിടം. ഗ്രന്ഥശേഖരവും ഉണ്ട്. മലയാളം, ഇംഗ്ലീഷ്, കന്നഡ, ഹിന്ദി- ഇപ്പോഴത്തെ സ്ഥിതി ഇതെഴുതുന്ന ആള്‍ക്ക് അറിഞ്ഞുകൂടെ. താഴെ വായനാമുറിയും ഉണ്ടായിരുന്നു. ഒരു കാലത്ത് സാഹിത്യ വേദിയുടെ സാംസ്‌ക്കാരിക പരിപാടികള്‍ അവിടെ നടക്കാറുണ്ടായിരുന്നു- മുകളിലെ മുറിയില്‍. ഒരു പൊഞ്ഞാറാണ് (മധുരസ്മരണ) പലര്‍ക്കും അത്.
ചെയര്‍പേഴ്സണ്‍ ശ്രദ്ധിക്കണം; മനസ്സ് വെയ്ക്കണം പാങ്ങും മൊഞ്ചും പിന്നെ; ആദ്യം വേണ്ടത്… കൂടിയാലോചിക്കുക. പിന്നെ ചെയ്യുക.







