കാസര്‍കോട്: രാഷ്ട്രീയ സ്വയംസേവക് സംഘ് സമൂഹത്തിലെ ഒരു സംഘടനയല്ലെന്നു ആര്‍എസ്എസ് സഹകാര്യവാഹ് മുകുന്ദ് സി ആര്‍ പറഞ്ഞു. മറിച്ച് അത് സമൂഹത്തിന്റെ സംഘടനയാണ്. ഒരു വര്‍ഷം നീണ്ടുനിന്ന ആര്‍എസ്എസ് ശതാബ്ദി ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് കാസര്‍കോട് നടന്ന പ്രബുദ്ധ ഭാരത സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് ഒന്നും ചെയ്യുന്നില്ല. സമാജം എല്ലാം ചെയ്യുന്നു. സംഘം വ്യക്തികളെ നിര്‍മ്മിക്കുന്നു. അവര്‍ അവരവരുടെ മേഖലകളില്‍ രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളാകുന്നു. കഴിഞ്ഞ 100 വര്‍ഷം സംഘം ചെയ്തത് ഇതാണ്. ഇക്കാലത്ത് അനുസ്യൂതമായ സംഘപ്രവാഹമാണ് രാജ്യത്ത് തുടര്‍ന്നത്. വ്യക്തിനിര്‍മാണത്തിലൂടെ രാഷ്ട്ര നിര്‍മ്മാണം സാധ്യമാക്കുന്നു. സാമൂഹ്യപരിവര്‍ത്തനം ആഗ്രഹിക്കുന്ന മനുഷ്യസ്‌നേഹികളും രാജ്യസേവകരുമായ കോടിക്കണക്കിന് ജനങ്ങള്‍ സ്വയം സേവകരായി ഇതില്‍ പങ്കാളികളാകുന്നു. ശാശ്വതവും അടിസ്ഥാന തലത്തിലുള്ളതുമായ സാമൂഹിക പരിവര്‍ത്തനത്തിന് അടിസ്ഥാനം സംഘം പകര്‍ന്നു നല്‍കുന്ന വ്യക്തി നിര്‍മ്മാണമാണ്. ഇതിന് എല്ലാതലത്തിലും മാനസിക പരിവര്‍ത്തനമുണ്ടാകണം. എന്റെ ദേശം എന്റെ സമാജം എന്ന ബോധവും ഭാവനയും വ്യക്തികളില്‍ വളര്‍ത്തുകയും ഊട്ടിയുറപ്പിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്.

കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലമായി ചെയ്തതും ഇനിയും ചെയ്യാന്‍ പോകുന്നതും അത് മാത്രമാണ്. രാഷ്ട്രത്തെ നിലനിര്‍ത്താന്‍ നാടിന്റെ സംസ്‌കാരം സംരക്ഷിക്കപ്പെടണം. 1925 മുതല്‍ ഇന്ത്യ സാംസ്‌കാരിക വെല്ലുവിളി നേരിടുന്നു. സംസ്‌കാരം ഒരു പ്രവാഹമാണ്. അതിനു തടസ്സം ഉണ്ടാകുമ്പോള്‍ അതിനെതിരെ പ്രവര്‍ത്തിക്കുന്ന സംസ്‌കാര സംരക്ഷണമാണ് വൈവിധ്യമായ മാര്‍ഗങ്ങളിലൂടെ ആര്‍എസ്എസ് ചെയ്യുന്നത്.
വിദ്യാഭ്യാസം, ആധ്യാത്മികം എന്നീ മേഖലകളില്‍ അതിശയകരമായ മാറ്റം ഉണ്ടായിട്ടുണ്ട്. വൈകാരികമായി നോക്കിയാല്‍ ഭാരതത്തെ ലോകം, ലോകത്തിന്റെ വഴികാട്ടിയായാണ് കാണുന്നതെന്ന് മുകുന്ദ് പറഞ്ഞു. ഇക്കാലയളവില്‍ വിദ്യാഭ്യാസ- സാംസ്‌കാരിക-ആധ്യാത്മിക മേഖലകളില്‍ ആര്‍എസ്എസ് വൈഭവം സൃഷ്ടിച്ചു. ലോകം ആശ്ചര്യപ്പെട്ടു .
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വിവിധ രൂപങ്ങള്‍ പ്രകടമായിരുന്നു. ആര്‍എസ്എസ് അതിനെയൊന്നും തള്ളി പറഞ്ഞില്ല, ഒന്നിനും ഒപ്പം ചേര്‍ന്നതുമില്ല. നാടിന്റെ സംസ്‌കാരം സംരക്ഷിച്ചുകൊണ്ട് നാടിനെ മോചിപ്പിക്കും എന്നതായിരുന്നു ആര്‍എസ്എസ് അവലംബിച്ച വഴി.
ചെറിയ പ്രവര്‍ത്തനങ്ങളിലൂടെ ഇവിടെ വലിയ മാറ്റം ആര്‍എസ്എസ് ഉണ്ടാക്കുന്നു . മനുഷ്യരുടെ ചിന്താഗതികള്‍ മാറ്റം വരുത്തുന്നു. മന:പരിവര്‍ത്തനത്തിലൂടെ മാറ്റമുണ്ടാക്കുന്നു. മനസ്സു മാറിയാല്‍ ബുദ്ധിമാറില്ല. വൈകാരികഭാവം വളര്‍ത്തുന്നതും പരിവര്‍ത്തനമുണ്ടാക്കുന്നതു മനസ്സും ഭാവനയുമാണ്. വ്യക്തിയും കുടുംബവും രാഷ്ട്രീയവും മാനവരായി മാറണം.
അതിലൂടെ പഞ്ചപരിവര്‍ത്തനത്തിലൂടെ സമാജത്തിന്റെ മനസ്സു രൂപപ്പെടുത്തി രാഷ്ട്രത്തെ കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ആര്‍എസ്എസിന്റെ ആത്യന്തിക ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ വിവിധ തലങ്ങളിലെ 150 ൽപരം പ്രമുഖർ സംഗമത്തില്‍ പങ്കെടുത്തു. കണ്ണൂര്‍ വിഭാഗ് സംഘചാലക് അഡ്വ. സി കെ ശ്രീനിവാസന്‍, ജില്ലാ കാര്യവാഹ് പ്രഭാകരന്‍ മാസ്റ്റര്‍, കേരള ഉത്തരപ്രാന്ത സഹകാര്യവാഹ് പി പി സുരേഷ് ബാബു, വിഭാഗ് കാര്യവാഹ് ലോകേഷ് ജോഡ്ക്കൽ എന്നിവരുമുണ്ടായിരുന്നു.






