സര്‍ക്കാരിന് ആശ്വാസം, പ്രിയദര്‍ശനി സൗജന്യ യാത്രാ പദ്ധതിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാന്‍ ഹര്‍ജിക്കാരനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ലിംഗാടിസ്ഥാനത്തിലുള്ള വേര്‍തിരിവാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതക്കുള്ള അവകാശമായ 14, 15 അനുച്ഛേദങ്ങളുടെ ലംഘനം ഉണ്ടെന്നു ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഇതോടെ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഉറപ്പായി.
എറണാകുളം സ്വദേശിയാണ് പദ്ധതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. വരുമാന പരിധിയോ താമസ യോഗ്യതയോ കൃത്യമായ ക്ഷേമ ലക്ഷ്യങ്ങളോ ഇല്ലാതെ, കേവലം ലിംഗഭേദം മാത്രം അടിസ്ഥാനമാക്കി ആനുകൂല്യം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും തുല്യതയ്ക്കെതിരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള സ്ത്രീകള്‍ക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ടെങ്കിലും, അതിന്റെ പേരില്‍ മാത്രം പദ്ധതി പൂര്‍ണ്ണമായി റദ്ദാക്കാന്‍ ആകില്ലെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 15 മുതലാണ് പ്രിയദര്‍ശിനി പദ്ധതി എന്ന പേരില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര ഔദ്യോഗികമായി നടപ്പാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page