കാസര്‍കോട്: കാഞ്ഞങ്ങാട്, പുല്ലൂര്‍ ദേശീയ പാതയില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കാഞ്ഞങ്ങാട്, ബല്ലാ കടപ്പുറത്തെ സി എച്ച് മുഹമ്മദ് കുഞ്ഞി (62)യാണ് മരിച്ചത്. ഇന്നു (തിങ്കള്‍) രാവിലെയായിരുന്നു മരണം സംഭവിച്ചത്. ജൂണ്‍ 17നു രാവിലെ ഉണ്ടായ അപകടത്തില്‍ മുഹമ്മദ് കുഞ്ഞിയുടെ തലയ്ക്കാണ് ക്ഷതമേറ്റിരുന്നത്. പെരിയ ഭാഗത്തേയ്ക്ക് പോവുകയായിരുന്നു മുഹമ്മദ് കുഞ്ഞി. അപകടത്തില്‍ ലോറി ഡ്രൈവര്‍ തളിപ്പറമ്പ്, കുപ്പത്തെ ടി പി സൂഫിയാന്‍ (21) ലോറിയില്‍ ഉണ്ടായിരുന്ന പരിയാരം, വായാടിയിലെ മുഹമ്മദ് മുക്താർ (30) എന്നിവർക്കും പരിക്കേറ്റിരുന്നു. ഭാര്യ: ബന്‍സീറ. മക്കള്‍: നസ്‌റീന, നിത, സിഹാല്‍. മരുമക്കള്‍: സാദിഖ്, അഫ്‌സല്‍. സഹോദരങ്ങള്‍: മൊയ്തു, ഹമീദ്, അസൈനാര്‍, മജീദ്, ഫൈസല്‍, മറിയം, ലൈല, ആസ്യ.






