ജീവിത പങ്കാളിയാക്കാമെന്നും ബിസിനസ്സിൽ പാർട്ട്ണറാക്കാമെന്നും വാഗ്ദാനം; ഷംലയുടെ വലയിൽ വീണത് നിരവധി ചെറുപ്പക്കാർ, കോടികൾ തട്ടിയെടുത്ത യുവതിക്ക് ഒടുവിൽ പിടിവീണു

കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴിയും സോഷ്യൽ മീഡിയ വഴിയും കണ്ടെത്തുന്ന യുവാക്കളെ തട്ടിപ്പിനിരയാക്കി കോടികൾ തട്ടിയ യുവതി പിടിയിലായി. ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്നും 50 ലക്ഷം തട്ടിയെടുത്ത പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. മാട്രിമോണിയൽ സൈറ്റും സമൂഹമാധ്യമങ്ങളും വഴി പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയും ബിസിനസ് പാർട്ണറുമാക്കാമെന്ന് വാഗ്ദാനം ചെയ്താണ് യുവതി പണം തട്ടുന്നത്. പലരിൽ നിന്നും പല പേരുകളിലായി കോടികൾ കോടികളാണ് ഇവർ തട്ടിയെടുത്തത്. പരാതിക്കാരിൽ ഒരാളായ വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്ന് 2024 സെപ്റ്റംബർ മൂന്നാം തീയതി മുതൽ 2024 നവംബർ 20 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായാണ് ഇവർ പണം കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും പണം കൈക്കലാക്കിയ ഇവർ യുവാവിനെ ബിസിനസ് പാർട്ണർ ആക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല. ഇതോടെയാണ് യുവതി തന്നെ കബളിപ്പിക്കുകയാണെന്ന് യുവാവിന് മനസ്സിലായത്. തുടർന്ന് യുവാവ് നൽകിയ പരാതിയിൽ പ്രതിയെ ഓടക്കാടിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധിപേരെ ഇവർ തട്ടിപ്പിനിരയാക്കി എന്നാണ് പൊലീസ് നൽകുന്ന വിവരം. സമൂഹമാധ്യമങ്ങളിലൂടെ പരിചയത്തിലായ യുവാക്കളിൽ നിന്ന് ആദ്യം ചെറിയ തുക ആവശ്യപ്പെടും. പിന്നീട് കല്യാണ വാഗ്ദാനം നൽകും. കൂടാതെ ബിസിനസ് പാർട്ണർ ആക്കാം എന്ന വാഗ്ദാനവും നൽകി കൂടുതൽ തുക വാങ്ങുകയാണ് പതിവ്. കൊച്ചിയിലെ ഒരു പ്രമുഖ മാളിലേക്ക് കാരിബാഗുകൾ എത്തിക്കുന്നതിന്റെ ഓർഡർ വാങ്ങി നൽകാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയിൽ നിന്ന് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും കബളിപ്പിയെടുത്തെന്നും പൊലീസ് പറഞ്ഞു. വിവാഹിതയാണ് യുവതി. ഇങ്ങനെ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. ഇവർക്ക് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്നുള്ള കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെരുമ്പാവൂർ എഎസ്പി ഹർദ്ദിക് മീണയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ അനിൽകുമാർ എൽ, എസ്ഐമാരായ അസരിഫ് ഷഫീഖ് , ജോജോ ജോർജ്, വിഷ്ണു മുരളി തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page