കാസര്‍കോട്: സഹോദരിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ യുവാവ് വീട്ടിനകത്തു മരിച്ച നിലയില്‍. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍, ചാമക്കൊച്ചിയിലെ ശ്രീകൃഷ്ണ നിലയത്തില്‍ രഘു രാമറാവുവിന്റെ മകന്‍ കൃഷ്ണപ്രസാദ് (34) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് വീട്ടിനകത്തെ ഹാളില്‍ നിലത്തു കിടന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വീട്ടിനകത്തു നിന്നു ദുര്‍ഗന്ധം വമിക്കുന്ന വിവരറിഞ്ഞ് എത്തിയവരാണ് മൃതദേഹം കണ്ടത്. എട്ടാംവാര്‍ഡ് മെമ്പര്‍ വിദ്യാ മഹേഷിന്റെ പരാതി പ്രകാരം ആദൂര്‍ പൊലീസ് കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി.
സഹോദരിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിയായി റിമാന്റിൽ കഴിഞ്ഞിരുന്ന കൃഷ്ണ പ്രസാദ് അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. അതിനു ശേഷം മാതാപിതാക്കളായ രഘുരാമ റാവുവും പത്മാവതിയും ഇളയ സഹോദരി ശ്രീലതയും ബംഗ്‌ളൂരുവിലുള്ള മറ്റു മക്കളായ സഹനയ്ക്കും വൈശാലിക്കും ഒപ്പമാണ് താമസം. അതിനാല്‍ കൃഷ്ണ പ്രസാദ് വീട്ടില്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. വിഷം അകത്തു ചെന്നതാണ് മരണത്തിനു ഇടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.







