തൃശൂര്‍: തൃശൂര്‍ നഗരമധ്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു മാത്രമായി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ യുവാവിനെ തല്ലിക്കൊന്നു. രണ്ടുപേര്‍ക്ക് പരിക്ക്. സംഭവത്തില്‍ നാലു സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ഒഡീസ സ്വദേശി ബിജു നായികിനെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടങ്ങി. ഒഡീസ സ്വദേശിയായ ധന്‍പത് നായിക് (27) ആണ് കൊല്ലപ്പെട്ടത്. ജൂണ്‍ 18ന് രാത്രിയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളെ മാത്രം പ്രവേശിപ്പിക്കുന്ന പെണ്‍വാണിഭകേന്ദ്രത്തില്‍ എത്തിയതായിരുന്നു ധന്‍പത് നായികും രണ്ടു സുഹൃത്തുക്കളും. രാത്രി 10 മണിയോടെ പണത്തെ ചൊല്ലി തര്‍ക്കം ഉണ്ടാവുകയും മൂന്നു പേരെയും മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നു പറയുന്നു. സാരമായി പരിക്കേറ്റ മൂന്നു പേരും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലയ്ക്കു സാരമായി പരിക്കേറ്റ ധന്‍പത് നായിക് ഇന്ന് (ഞായര്‍)രാവിലെയാണ് മരിച്ചത്. ഇതേ തുടര്‍ന്നാണ് പൊലീസ് പെണ്‍വാണിഭ കേന്ദ്രത്തിലെത്തി പ്രതികളെ പിടികൂടിയത്.







