സുള്ള്യ: 5 വയസ്സ് പ്രായമുള്ള ഇരട്ട സഹോദരങ്ങളെ വീടിന്
സമീപത്തെ കുളത്തിൽ മരിച്ചു നിലയിൽ കണ്ടെത്തി. സുള്ള്യ ബെല്ലാരെ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മുരുള്യ ഗ്രാമത്തിലെ കദീറിൽ ആണ് ദാരുണ സംഭവം നടന്നത്. കദീറിൽ താമസിക്കുന്ന വസന്തയുടെ മക്കളായ യാഷ്വിൻ, ജാസ്വിത്ത് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് വസന്ത കുട്ടികളെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. കുട്ടികളെ വീട്ടിൽ നിർത്തി ഭാര്യക്കൊപ്പം വസന്ത അടുത്തുള്ള ഒരു തോട്ടത്തിൽ ജോലിക്ക് പോയി. ജോലി കഴിഞ്ഞ് വസന്തയുടെ ഭാര്യ വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുട്ടികളെ കാണാനില്ലായിരുന്നു. ഇരുവരും പരിസരങ്ങളിലെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിൽ വീടിനടുത്തുള്ള ഒരു കുളത്തിൽ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി.
കളിക്കുന്നതിനിടെ കുട്ടികൾ കുളത്തിൽ വീണു മുങ്ങിമരിച്ചതായി സംശയിക്കുന്നു. വസന്തയുടെ
പരാതിയുടെ അടിസ്ഥാനത്തിൽ ബെല്ലാരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.







