ഇസ്രായേൽ – ഹിസ്ബുള്ള വെടിനിർത്തൽ ധാരണയായതായി
യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ ഇത് പ്രാബല്യത്തിൽ വന്നു. എന്നാൽ, അതിർത്തിയിലെ തർക്കപ്രദേശങ്ങളെക്കുറിച്ചുള്ള വ്യക്തത ഇനിയും വരാനുണ്ട്. അതേസമയം, ലെബനനിലെ കടുത്ത ആക്രമണങ്ങളെത്തുടർന്ന് യു.എസും ഇറാനും തമ്മിൽ നിശ്ചയിച്ചിരുന്ന നിർണായക സമാധാന ചർച്ചകൾ താൽക്കാലികമായി മാറ്റിവെച്ചു.
യുകെയിൽ ലണ്ടന് ബെഡ്ഫോർഡിന് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ ഒരാൾ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് മാധ്യമറിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ട്രംപിനെതിരെ മെലോണി; ഇറ്റാലിയൻ വിദേശകാര്യമന്ത്രി യു.എസ് യാത്ര റദ്ദാക്കി.
ജി7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തനിക്കൊപ്പം ഫോട്ടോ എടുക്കാൻ ‘യാചിച്ചു’ എന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ഇറ്റലി കടുത്ത പ്രതിഷേധത്തിൽ. ട്രംപിന്റേത് പൂർണ്ണമായും കെട്ടിച്ചമച്ച കഥയാണെന്ന് മെലോണി പ്രതികരിച്ചു. ഇതിൽ പ്രതിഷേധിച്ച് ഇറ്റാലിയൻ വിദേശകാര്യമന്ത്രി അന്തോണിയോ തയാനി തന്റെ യു.എസ് സന്ദർശനം റദ്ദാക്കി.
ഫിഫ ലോകകപ്പ് : ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ കനക്കുന്നു.
യൂറോപ്പിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് മെക്സിക്കോ റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി. മറ്റൊരു മത്സരത്തിൽ ഖത്തറിനെ എതിരില്ലാത്ത 6 ഗോളുകൾക്ക് തകർത്ത് സഹ-ആതിഥേയരായ കാനഡ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി.
പ്രധാനമന്ത്രിയുടെ ഒഡീഷ സന്ദർശനം ഇന്ന്: 47,600 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും ഇന്ന് ഒഡീഷയിലെ മയൂർഭഞ്ജ് സന്ദർശിക്കും. ഒഡീഷ സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള വികസന പരിപാടികളിലും ഇരുവരും പങ്കെടുക്കും.
ഇന്ത്യക്ക് എഫ്.എ.ടി.എഫ് വൈസ് പ്രസിഡന്റ് സ്ഥാനം: ആഗോള കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്.) വൈസ് പ്രസിഡന്റ് പദവി ഇന്ത്യക്ക് ലഭിച്ചു. പാരീസിൽ നടന്ന പ്ലീനറി യോഗത്തിലാണ് കേന്ദ്ര സാംസ്കാരിക സെക്രട്ടറി വിവേക് അഗർവാളിനെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്.
അമൃത്‌സറിൽ വൻ ആയുധവേട്ട: ഇൻഡോ-പാക് അതിർത്തിക്കടുത്ത് അമൃത്‌സറിൽ നിന്ന് ഒരു എകെ-47 റൈഫിളും 26 പിസ്റ്റളുകളും ബി.എസ്.എഫും പഞ്ചാബ് പൊലീസും ചേർന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു: ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റതിനെ തുടർന്ന് വിമാനത്തിന്റെ പവർ സിസ്റ്റം തകർന്നു. വിമാനത്തിലുണ്ടായിരുന്ന 147 യാത്രക്കാരും സുരക്ഷിതരാണ്.
ബെംഗളൂരുവിൽ ഇ.ഡി റെയ്ഡ്: ക്രിപ്റ്റോ കറൻസി ഇടപാടുകളിലെ 2,500 കോടി രൂപയുടെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ ആറ് പ്രമുഖ ക്രിപ്റ്റോ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാപക പരിശോധന നടത്തി.
മണിപ്പൂരിൽ എൻ.ഐ.എ പരിശോധന: മണിപ്പൂരിലെ വിവിധയിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ ശക്തമായ പരിശോധനയിൽ പത്തോളം പേരെ അറസ്റ്റ് ചെയ്തു.
യു.എസും ഇറാനും തമ്മിലുണ്ടായ പുതിയ നയതന്ത്ര ധാരണകളെ ഇന്ത്യ സ്വാഗതം ചെയ്തു. പശ്ചിമേഷ്യയിൽ എത്രയും വേഗം സമാധാനവും സ്ഥിരതയും തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു
കേരളത്തിൽ
കാലവർഷം ശക്തമാകുന്നു – യെല്ലോ അലർട്ട്: സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം ഞായറാഴ്ച മുതൽ മഴ കടുക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഈ മാസം മാത്രം രോഗബാധിതരുടെ എണ്ണം 120 കടന്നതായാണ് റിപ്പോർട്ട്. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
തൃപ്രയാറിൽ വൻ കവർച്ച: തൃപ്രയാറിൽ കാറിന്റെ ചില്ല് തകർത്ത്, യാത്രക്കാരുടെ കണ്ണിൽ മുളകുപൊടി സ്പ്രേ ചെയ്ത് 16 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
അധ്യാപികയുടെ ആത്മഹത്യ – കാമുകൻ അറസ്റ്റിൽ: കണ്ണൂർ സർവകലാശാലയിലെ ഗെസ്റ്റ് അധ്യാപികയായ പാനൂർ സ്വദേശിനി ആദിത്യ അനിൽകുമാർ ജീവനൊടുക്കിയ സംഭവത്തിൽ കാമുകനായ മനേക്കര സ്വദേശി ശരൺ പോലീസിന്റെ പിടിയിലായി. മർദ്ദനമേറ്റ മനോവിഷമത്തിലാണ് ആദിത്യ ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു.
അങ്കമാലി – അരൂർ ബൈപ്പാസിന് അനുമതി: കൊച്ചി ദേശീയപാത 544 ബൈപ്പാസ് (അങ്കമാലി-അരൂർ) പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചു. എട്ടുവരിപ്പാതയായി നിർമ്മിക്കുന്ന ഈ പദ്ധതിയുടെ ‘3എ’ പുനർവിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്: സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങളിൽ പ്രതിഷേധിച്ച് ജൂലൈ 1 മുതൽ കേരളത്തിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ചേക്കുമെന്ന് ബസുടമകളുടെ സംഘടനകൾ മുന്നറിയിപ്പ് നൽകി.
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി പള്ളം കസബ പാലത്തിന് സമീപം 21 ഹെക്ടർ കണ്ടൽക്കാടുകളിൽ ഒരുങ്ങുന്ന ‘നഗരവനം’ ഇക്കോ ടൂറിസം പദ്ധതി മൂന്ന് മാസത്തിനകം തുറന്നുകൊടുക്കും. വനത്തിനുള്ളിലൂടെയുള്ള നടപ്പാതകൾ, ഫ്ലോട്ടിങ് ബോട്ട് യാത്ര, ലൈറ്റിംഗ് സൗകര്യങ്ങൾ എന്നിവയുടെ ജോലികൾ അവസാന ഘട്ടത്തിലാണ്. സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നത് തടയാൻ പ്രദേശം വേലികെട്ടി തിരിച്ച് അത്യാധുനിക സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
വീരമല ടൂറിസം പദ്ധതി: ചെറുവത്തൂരിലെ വീരമലയെ 10 കോടി രൂപ ചെലവിൽ കേരളത്തിലെ ആദ്യത്തെ ‘സൗന്ദര്യമല’യായി മാറ്റിയെടുക്കാനുള്ള ഹരിതവൽക്കരണ (രാമച്ചം വെച്ചുപിടിപ്പിക്കുന്ന) പദ്ധതികൾ പുരോഗമിക്കുന്നു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കിടപ്പുരോഗികൾക്കായി സൗജന്യ പ്രഭാതഭക്ഷണം നൽകുന്ന ‘നല്ല ചായ നല്ല തുടക്കം’ പദ്ധതി ആരംഭിച്ചു.
കേരള പി.എസ്.സി നിയമന ശുപാർശ : കാസർകോട് ജില്ലയിൽ വിവിധ വകുപ്പുകളിലെ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് , ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികകളിലേക്കുള്ള പുതിയ നിയമന ശുപാർശകൾ പി.എസ്.സി പുറപ്പെടുവിച്ചിട്ടുണ്ട്.
ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും ജാതാ നിർദ്ദേശം പുറപ്പെടുവിച്ചു.







