വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം; ഗുരുതരമായി പരിക്കേറ്റ വൊർക്കാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

മലപ്പുറം: വളാഞ്ചേരി കഞ്ഞിപ്പുര ദേശീയപാതയിൽ സി ഐ ഓഫീസിന് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കാസർകോട് മഞ്ചേശ്വരം വൊർക്കാടി സ്വദേശി അബ്ബാസിന്റെ മകൻ ബദറുൽ അഫീസ് (23) ആണ് മരിച്ചത്. കുറ്റിപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ദേശീയപാതയോരത്തെ സൈഡ് ഭിത്തിയിൽ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ചുവീണതായി ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഫീസിനെ വിവരമറിഞ്ഞെത്തിയ ആംബുലൻസ് ജീവനക്കാർ പ്രാഥമിക ശുശ്രൂഷ നൽകി വളാഞ്ചേരിയിലെ നടക്കാവിൽ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മലപ്പുറത്തെ ഷോപ്പിൽ ജോലി ചെയ്യുന്ന അഫീസ് ബന്ധുവിന്റെ വിവാഹ ചടങ്ങിൽ സംബന്ധിക്കാൻ ആണ് ബൈക്കിൽ നാട്ടിലേക്ക് പുറപ്പെട്ടത്. അലീമയാണ് മാതാവ്. സഹോദരങ്ങൾ: അഷറഫ്, സറീന, റംല ബാനു, ഫൗസിയ, ആഷിക്, അഫീസ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page