ഇന്നത്തെ പ്രധാന വാർത്തകൾ

​ജി7 പ്രതിഷേധം: ഫ്രാൻസിൽ നടക്കുന്നh ജി7 ഉച്ചകോടിക്കെതിരെ ജനീവയിൽ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നു.


​ഏറ്റവും വലിയ തന്ത്രപ്രധാനമായ മുന്നേറ്റത്തിൽ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും സമാധാന ചർച്ചകൾക്കായുള്ള പ്രാഥമിക ധാരണാപത്രത്തിൽ ഡിജിറ്റലായി ഒപ്പുവെച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള 60 ദിവസത്തെ ഔദ്യോഗിക ചർച്ചക്കു തുടക്കമായി.
​ഇതിന്റെ ഭാഗമായി ഇറാന്റെ തുറമുഖങ്ങൾക്കെതിരെ യു.എസ് ഏർപ്പെടുത്തിയിരുന്ന കപ്പൽ ഗതാഗത ഉപരോധം നീക്കി.
​ഈ വാരാന്ത്യത്തോടെ സ്വിറ്റ്‌സർലൻഡിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന സാങ്കേതിക-ആണവ ചർച്ചകൾ ആരംഭിക്കും.

അതേസമയം, ഇസ്രായേൽ ഈ സമാധാന നീക്കങ്ങളെ എങ്ങനെ കാണുമെന്നത് നിർണായകമാണ്.

​മോസ്‌കോ ഓയിൽ റിഫൈനറിക്ക് നേരെ യുക്രെയ്ന്റെ വൻ ഡ്രോൺ ആക്രമണം
​യുക്രെയ്ൻ അയച്ച ഡസൻ കണക്കിന് ഡ്രോണുകൾ റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലെ പ്രധാന പൊതുമേഖലാ ഓയിൽ റിഫൈനറിയിൽ പതിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഈ റിഫൈനറിക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ആക്രമണത്തെത്തുടർന്ന് മോസ്‌കോ മേഖലയിൽ വലിയ തോതിൽ പുക ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യൂറോപ്യൻ-നാറ്റോ നേതാക്കളുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം.

​യുക്രെയ്ന് ഓസ്‌ട്രേലിയയുടെ വൻ സൈനിക സഹായം.
​റഷ്യക്കെതിരെയുള്ള പ്രതിരോധത്തിനായി യുക്രെയ്ന് 100 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിന്റെ (ഭാരമേറിയ സൈനിക ഉപകരണങ്ങൾ ഉൾപ്പെടെ) പുതിയ സഹായ പാക്കേജ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു.
ബ്രസ്സൽസിൽ നടന്ന യുക്രെയ്ൻ ഡിഫൻസ് കോൺടാക്റ്റ് ഗ്രൂപ്പ് യോഗത്തിലാണ് ഓസ്‌ട്രേലിയൻ പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്.

ഗസ്സയിൽ ഇസ്രായേൽ ഡ്രോൺ ആക്രമണം.
​യു.എസ്-ഇറാൻ സമാധാന നീക്കങ്ങൾക്കിടയിലും മിഡിൽ ഈസ്റ്റിൽ സംഘർഷാവസ്ഥ തുടരുകയാണ്. ഗസ്സ സിറ്റിയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലെബനനിലെ സിവിലിയൻമാരെ ബാധിക്കുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പ്രതികരിച്ചു.

​ഫിഫ ലോകകപ്പ് :
​അമേരിക്കയിലും കാനഡയിലുമായി നടക്കുന്ന ലോകകപ്പ് ഫുട്ബോളിൽ ആവേശകരമായ മത്സരങ്ങൾ തുടരുന്നു. കഴിഞ്ഞ മണിക്കൂറുകളിൽ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ സൗത്ത് ആഫ്രിക്ക 1-1 എന്ന സ്‌കോറിന് സമനിലയിൽ തളച്ചു. ഇതോടെ സൗത്ത് ആഫ്രിക്കയുടെ നോക്കൗട്ട് പ്രതീക്ഷകൾ സജീവമായി. മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് ക്രൊയേഷ്യയെ പരാജയപ്പെടുത്തി.

​ശിവസേനയിൽ വീണ്ടും പ്രതിസന്ധി: ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് 6 വിമത എംപിമാർ വിട്ടുനിന്നു. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.ഈ എംപിമാർ ഏക്‌നാഥ് ഷിൻഡെ പക്ഷത്തേക്ക് ചേക്കേറുമെന്ന സൂചനകൾക്കിടെ പാർട്ടി ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

​സമാജ്‌വാദി പാർട്ടിയിലും പിളർപ്പ് ഭീതി: എസ്.പിയിലെ 25-ഓളം എംപിമാർ ബിജെപിയിൽ ചേരാൻ തയ്യാറാണെന്നും ഇവർ അമിത് ഷായ്ക്ക് കത്ത് നൽകിയതായും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അവകാശപ്പെട്ടു.

​ജാർഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി: കോൺഗ്രസ് ക്യാമ്പിലെ ക്രോസ് വോട്ടിംഗിനെത്തുടർന്ന് എൻഡിഎ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനി 28 വോട്ടുകൾ നേടി വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി പ്രണവ് ഝായ്ക്ക് 20 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

​നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലഗ്രാം ആപ്പിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ഡൽഹി ഹൈക്കോടതി ചോദ്യം ചെയ്തപ്പോൾ, ടെലഗ്രാം രാജ്യത്തെ പുതിയ ‘ഡാർക്ക് വെബ്’ ആയി മാറുകയാണെന്നും കുറ്റവാളികളുടെ താവളമാണെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി.

​മഴക്കുറവ് രൂക്ഷം: രാജ്യത്ത് കാലവർഷം എത്തിയിട്ടും മഴമേഘങ്ങൾ സജീവമാകാത്തതിനെ തുടർന്ന് നിലവിൽ 42 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കാർഷിക മേഖലയിൽ ആശങ്കയുണർത്തുന്നു

തമിഴ്‌നാട്ടിലെ വിജയ് സർക്കാർ കർണാടകയുടെ മേക്കെദാട്ടു അണക്കെട്ട് നിർമ്മാണ നീക്കങ്ങൾക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ആലോചിക്കുന്നു. അയൽ സംസ്ഥാനങ്ങളുമായുള്ള ജലതർക്കത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ വ്യക്തമാക്കി

സർക്കാർ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഗവർണർ വിളിച്ചുചേർത്തത്കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. ഈ യോഗത്തെക്കുറിച്ച് സർക്കാർ ഒന്നും അറിഞ്ഞില്ലെന്നും പത്രവാർത്തകളിലൂടെയാണ് വിവരമറിഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്ഭവന് കത്ത് നൽകിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

​പിഎം ശ്രീ പദ്ധതിയിലെ തർക്കം: കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് മുന്നണിയിൽ ഭിന്നത രൂക്ഷമാകുന്നു. ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രം പദ്ധതി നടപ്പാകില്ലെന്നും സംസ്ഥാനം മുൻകൈ എടുത്താലേ നടക്കൂ എന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം, യുഡിഎഫ് നിലപാട് മാറ്റരുതെന്ന് യൂത്ത് ലീഗ് മന്ത്രിസഭാ ഉപസമിതിക്ക് കത്തയച്ചു.

​തിരുവനന്തപുരത്ത് എംപോക്സ് (കുരങ്ങ് പനി): സൗദി അറേബ്യയിൽ നിന്നെത്തിയ 43 വയസ്സുകാരന് തിരുവനന്തപുരത്ത് എംപോക്സ് സ്ഥിരീകരിച്ചു.

​ഷിഗല്ല ബാധയും ഡെങ്കിപ്പനിയും: സംസ്ഥാനത്ത് നിപ ഭീതി അകലുന്നുണ്ടെങ്കിലും ഷിഗല്ല കേസുകൾ ഉയരുന്നത് ആശങ്കയാകുന്നു. നിലവിൽ 19 പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു.
തൃശ്ശൂർ ചെറുതുരുത്തിയിൽ ഒരു വീട്ടിലെ മൂന്ന് കുട്ടികൾക്കു രോഗം ബാധിച്ചിട്ടുണ്ട്. ഒരു ഡെങ്കി മരണവും റിപ്പോർട്ട് ചെയ്തു.

​ പത്തനംതിട്ട ഗവിയിൽ യുവതി കൊല്ലപ്പെട്ട കേസിൽ പ്രതിയായ വിനോദ് കുമാർ പോലീസ് പിടിയിലായി. താൻ ബലാത്സംഗം ചെയ്തിട്ടില്ലെന്നും കൊലപാതകം മാത്രമാണ് നടത്തിയതെന്നും പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു.

​അവയവക്കച്ചവട അന്വേഷണം: സംസ്ഥാനത്തെ അവയവക്കച്ചവടവുമായി ബന്ധപ്പെട്ട പണം തട്ടിപ്പ് കേസിൽ ഇ.ഡി. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ കേരളത്തിലുടനീളം വ്യാപക പരിശോധന നടത്തുന്നു.

​കണ്ണൂരിൽ പെൺകുട്ടി ജീവനൊടുക്കി: ആൺസുഹൃത്തിന്റെ ക്രൂരമായ മർദ്ദനത്തിൽ മനംനൊന്ത് കണ്ണൂരിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ആശുപത്രിയിൽ ജീവനൊടുക്കി.

​കഥ മോഷണ ആരോപണവുമായി ആർ. ശ്രീലേഖ: മുൻ ഡിജിപി ആർ. ശ്രീലേഖ പ്രമുഖ സിനിമകൾക്കെതിരെ രംഗത്തെത്തി. ഭൂതകാലം എന്ന ചിത്രം തന്റെ അനുഭവ കഥയുടെ മോഷണമാണെന്നും, ‘ദൃഢം’ എന്ന സിനിമ തന്റെ ‘കരിങ്കുടി പൊലീസ് സ്റ്റേഷൻ’ എന്ന ചെറുകഥ മോഷ്ടിച്ച് ചെയ്തതാണെന്നും അവർ ആരോപിച്ചു.

കാസർകോട് എ.ഡി.എം ആയി പി. ഉദയകുമാർ ചുമതലയേറ്റു
.

​തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രതിഷേധം: പനിയും ശ്വാസതടസ്സവുമായി രാത്രിയോടെ എത്തിയ 10 വയസ്സുകാരിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ ചികിത്സ നിഷേധിച്ചതായി പരാതി. തൊട്ടുപിന്നാലെ എത്തിയ മറ്റൊരു കുടുംബത്തിന് ഇതേ ജീവനക്കാരൻ ടോക്കൺ നൽകിഎന്നാ ആരോപണം പ്രതിഷേധത്തിന്വഴിവച്ചു.. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിന് ശേഷം തുടർനടപടി സ്വീകരിക്കാമെന്ന ഉറപ്പിൽ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു.

​ഹരിതകർമസേനയിൽ ആൾക്ഷാമം: കാസർകോട് നഗരസഭയിൽ മാലിന്യശേഖരണത്തിന് ആവശ്യത്തിന് ആളുകളെ കിട്ടാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. 39 വാർഡുകളിലായി 78 പേർ വേണ്ട സ്ഥാനത്ത് നിലവിൽ 42 പേർ മാത്രമാണുള്ളത്. മഴക്കാലമായതിനാൽ ഇത് മാലിന്യ നിർമാർജനത്തെയും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്കയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page