കാസര്‍കോട്: കുമ്പള, ദേവീനഗര്‍ ദേശീയപാത സര്‍വ്വീസ് റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവിനു അതീവ ഗുരുതരം. മൊഗ്രാല്‍, നാങ്കി കടപ്പുറത്തെ റാസിഖി (19)നാണ് പരിക്കേറ്റത്. ഇയാളെ, ചെങ്കള, ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ (വ്യാഴം) വൈകുന്നേരം അഞ്ചരമണിയോടെയാണ് അപകടം. കുമ്പളയില്‍ നിന്നു കൊപ്ര ബസാര്‍ ഭാഗത്തേയ്ക്കു സ്‌കൂട്ടറില്‍ പോവുകയായിരുന്നു റാസിഖ്. ദേവി നഗറില്‍ എത്തിയപ്പോള്‍ ദേശീയപാതയില്‍ നിന്നു സര്‍വ്വീസ് റോഡിലേയ്ക്ക് എത്തിയ കാറിടിച്ചാണ് അപകടം ഉണ്ടായതെന്നു പൊലീസ് പറഞ്ഞു. റാസിഖിനെ ഉടനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാലാണ് ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
ദേവീ നഗറില്‍ സമാനരീതിയില്‍ ഇതിനു മുമ്പ് മൂന്നിലേറെ അപകടങ്ങള്‍ ഉണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു.






