വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; ശമ്പള പരിഷ്കരണം മുതൽ ക്ഷേമ പെൻഷൻ വരെ, വിഡി മാജിക്‌ ഉണ്ടാകുമോ?

തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി സതീശൻ തന്നെയാണ് ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് അവതരിപ്പിക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് വി.ഡി സതീശന്‍. ആര്‍ ശങ്കര്‍, സി അച്ച്യുതമേനോന്‍, ഉമ്മന്‍ചാണ്ടി എന്നീ മുഖ്യമന്ത്രിമാരാണ് മുമ്പ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. രാവിലെ 9 മണിയോടെ ബജറ്റ് നടപടികള്‍ ആരംഭിക്കും. കേരളത്തിന്റെ സാമ്പത്തിക ആരോ​ഗ്യം മോശമാണെന്ന് കാണിക്കുന്ന ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ വരുന്ന ബജറ്റായതിനാൽ പ്രതീക്ഷകൾ ഏറെയാണ്. തൂണുകളിലും തുരങ്കങ്ങളിലൂടെയുമുള്ള തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപ്പാതയ്ക്ക് ബജറ്റിൽ ഇടമുണ്ടായേക്കും.
കിഫ്ബിയുടെ ഭാവി എന്താകുമെന്ന് ഇന്നത്തെ ബജറ്റിൽ വ്യക്തത വന്നേക്കും. കൂടാതെ വരുമാനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. ഇന്ധന നികുതി, ഭൂനികുതി, മദ്യവില, വൈദ്യുതി നിരക്ക് എന്നിവ കുറയ്ക്കാനുള്ള സാധ്യതയില്ല. കൂട്ടിയാല്‍ വിമര്‍ശനം ഉയരും എന്നതിനാല്‍ തല്‍സ്ഥിതി തുടരാനാണ് സാധ്യത. അമൃത്, സ്മാർട് സിറ്റി, ദേശീയപാത ഫണ്ടുകൾ തുടങ്ങിയവ പരമാവധി പ്രയോജനപ്പെടുത്താൻ ബജറ്റിൽ നടപടിയുണ്ടാകും.
ക്ഷേമപെൻഷൻ വർധന, സർക്കാർ ജീവനക്കാരുടെ ഡിഎ വർധന, ശമ്പള പരിഷ്കരണം, ഇന്ദിരാ ഗാരന്റികൾ നടപ്പാക്കുന്നതിനുള്ള പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾക്കാണ് കേരളം കാതോർത്തിരിക്കുന്നത്. കേരളത്തെ തുറമുഖ നഗരമാക്കുന്ന മിഷന്‍ സമുദ്ര ഉള്‍പ്പെടെയുള്ള സുപ്രധാന വികസന പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page